സ്വപ്‌ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ച, ഇത് ഒരു പാഠമാണെന്നും സ്പീക്കര്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരിപാടികളെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കാറില്ല. റിപ്പോര്‍ട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷാമാംശങ്ങള്‍ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമേ പോകാവൂ എന്ന പാഠം ഇപ്പോള്‍ മനസിലാക്കുന്നു. ഇതൊരു പാഠമാണെന്നും ഇന്ന് നോക്കുമ്പോള്‍ അതൊരു വീഴ്ചയാണെന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സന്ദീപല്ല, സ്വപ്‌നയും സുഹൃത്തുക്കളും ചേര്‍ന്നാണ് കട ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സാധാരണ ഗതിയില്‍ പോകാറില്ലെങ്കിലും സംരംഭകന്റെ അമ്മയോടുള്ള ആദരവിന്റെ പേരിലാണ് ചടങ്ങിന് പോയത്. ക്ഷണക്കത്തില്‍ പ്രാദേശികമായ എല്ലാ ജനപ്രതിനിധികളുടെയും പേരുകളുണ്ടായിരുന്നുവെന്നും അവരാരും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയില്ല.

സ്വപ്‌നയുമായി അപരിചിതത്വമില്ല. കഴിഞ്ഞ നാല് വര്‍ഷമായി അവരായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ മുഖമായി കേരള സര്‍ക്കാരിന് മുന്നിലെത്തിയിരുന്നത്. സര്‍ക്കാരിനോട് വിവിധ പരിപാടികളുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായാണ് അവരെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സംബന്ധിച്ച് ഒരു സംശയം ഉണ്ടാകേണ്ട കാര്യമില്ല. മലയാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ട അവസരത്തില്‍ അവരെ സമീപിക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ ഏതെങ്കിലും തരത്തില്‍ വഴിവിട്ട നീക്കം നടത്തുന്നയാളാവും എന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.

സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് ശേഷമോ തൊട്ടടുത്തോ അവരെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഒരു സഹായവും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. ഓദ്യോഗിക കാര്യങ്ങളല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല. സ്വപ്‌നയുടെ തോളില്‍ തട്ടുന്നതിന് അശ്ലീല സ്വഭാവം തോന്നുന്നത് അത് തോന്നുവരുടെ മനസിന്റെ വൈകൃതമാണെന്നും അതില്‍ തെറ്റ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7