തിരുവനന്തപുരം: ബ്രേക് ദ് ചെയിന്‍ മൂന്നാംഘട്ടത്തിലേക്കു കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മൂന്നാംഘട്ടം. കോവിഡ് രോഗികളില്‍ അറുപതു ശതമാനം പേര്‍ക്കും രോഗലക്ഷണമില്ല. ആരില്‍ നിന്നും രോഗം പകരാം എന്ന വസ്തുത എല്ലാവരും ഉള്‍ക്കൊള്ളണമെന്നു മുഖ്യമന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ അതീവ ജാഗ്രതവേണം.
നമ്മള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍നിന്നും രോഗം പകരാം. അതിനാൽ നാം ഇടപഴകുന്ന എല്ലാ വ്യക്തികളില്‍ നിന്നും രണ്ടുമീറ്റര്‍ അകലം ഉറപ്പാക്കണം. ആള്‍ക്കൂട്ടം അനുവദിക്കരുത്.
രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ലോകത്തിലും ഇന്ത്യയിലും വൻ തോതിൽ ഉണ്ടാവുകയാണ്. ഈ ഘട്ടത്തിൽ മരണനിരക്ക് കുറച്ചു നിർത്താൻ കഴിഞ്ഞത് നമ്മുടെ ജാഗ്രത മൂലമാണ്. അതിനാൽ ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്ത് കോവിഡിനെതിരായ പ്രതിരോധം ശക്തമായി തുടരണം. വിവിധ ജില്ലകളിൽ രോഗബാധ കൂടതലുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് കാര്യങ്ങൾ ആകെ കൈവിട്ടുപോയി എന്നു പറയാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത സംഖ്യയല്ല രോഗികളുടെ എണ്ണമായി വന്നിരിക്കുന്നത്. വമ്പിച്ച രോഗവ്യാപനം വരുന്ന ഘട്ടത്തിലാണ് കൈവിട്ടുപോയി എന്ന ശങ്ക ഉണ്ടാകേണ്ടത്. ഇനി അടുത്ത ഘട്ടത്തിൽ സമൂഹ വ്യാപനത്തിലേക്ക് എത്തിയേക്കാം. അത് തടയാൻ കനത്ത ജാഗ്രത പുലർത്തണം.
ആത്മവിശ്വാസം നഷ്ടപ്പെടേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കോവിഡ് രോഗികൾ കുറവായിരുന്നു. പിന്നെ അത് നൂറായി, മൂന്നൂറായി, അറുന്നൂറായി. ആകെ വ്യാപനമല്ല, ചില ക്ലസ്റ്ററുകളിലാണ് രോഗം ഉണ്ടാകുന്നത്. ആ മേഖലകളിൽ ജാഗ്രതക്കുറവുണ്ടായി. എല്ലാവരും ജാഗ്രത പുലർത്തി സുരക്ഷാ ആകലം പാലിച്ചാൽ ആപത്തില്ലാതെ പിടിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.