ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബികാരു ഗ്രാമത്തിലാണു സംഭവം. ക്രിമിനല്‍ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് എത്തിയതായിരുന്നു പൊലീസ്. ‘കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയില്‍ വികാസിനെ അറസ്റ്റ് ചെയ്യാന്‍ പോയതാണു പൊലീസ്. പക്ഷേ ക്രിമിനലുകള്‍ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചു’– കാന്‍പുര്‍ പൊലീസ് മേധാവി ദിനേഷ് കുമാര്‍ പറഞ്ഞു.
ഡെപ്യൂട്ടി സൂപ്രണ്ട്, മൂന്ന് എസ്‌ഐമാര്‍, നാലു കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ലക്‌നൗവില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണു സംഭവം. 60 കേസുകള്‍ വികാസിനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ഇയാളെ പിടികൂടുന്നതിനായി മൂന്നു സ്‌റ്റേഷനുകളിലെ പൊലീസുകാരാണു പോയത്. ഒളിഞ്ഞിരുന്ന ക്രിമിനല്‍ സംഘം പൊലീസുകാര്‍ക്കു നേരെ മൂന്നു വശത്തുനിന്നും വെടിയുതിര്‍ക്കുകയായിരുന്നു.
ക്രിമിനലുകള്‍ ഗ്രാമത്തിലേക്കുള്ള റോഡ് തടഞ്ഞിരുന്നതായും അതെല്ലാം മറികടന്നാണു പൊലീസ് അവിടെ എത്തിയതെന്നും യുപി ഡിജിപി എച്ച്.സി.അശ്വതി പറഞ്ഞു. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്നാണു സംഘം വെടിവച്ചത്. ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് തേടിയതായും ഡിജിപി അറിയിച്ചു. പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
follow us: PATHRAM ONLINE