ടിക് ടോക്ക് പൂട്ടി; ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്ന് മൈ ഗവ് ഇന്ത്യ

ദേശീയ തലത്തിലെ കോവിഡ് 19 വ്യാപനം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ മൈ ഗവ് ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നു. ടിക് ടോക്ക് അക്കൗണ്ട് പൂട്ടിയതിനു പിന്നാലെയാണ് ഷെയര്‍ ചാറ്റില്‍ അക്കൗണ്ട് തുറന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ നിര്‍മിത ആപിലേക്കുള്ള മൈ ഗവ് ഇന്ത്യയുടെ പ്രവേശനത്തെ ഷെയര്‍ചാറ്റ് സ്വാഗതം ചെയ്തു.

ഇതോടെ 15 ഇന്ത്യന്‍ ഭാഷകളിലായി 60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമായി കോവിഡിനെ കുറിച്ചുള്ള ഏറ്റവും പുതിയ യഥാര്‍ഥ വിവരങ്ങള്‍ പങ്കിടാനും സംവദിക്കാനും മൈ ഗവ് ഇന്ത്യക്ക് കഴിയും. ഗുരുതരമായ ദേശീയ സുരക്ഷ ലംഘനം, പൗരന്‍മാരുടെ സ്വകാര്യത ലംഘനം തുടങ്ങിയവ കാരണം തിങ്കളാഴ്ച 59 ചൈനീസ് ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാല ഷെയര്‍ചാറ്റില്‍ ചേരുമെന്ന മൈ ഗോവ് ഇന്ത്യയുടെ പ്രഖ്യാപനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

മൈ ഗവ് ഇന്ത്യയുടെ സാനിധ്യം, ഇന്ത്യന്‍ സംസ്‌കാരവും ധാര്‍മികതയുമായുള്ള ഞങ്ങളുടെ ബന്ധം വീണ്ടും ഊട്ടിയുറപ്പിക്കുകയും പ്രാദേശിക, ഭാഷ ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് പ്രതിജ്ഞാബദ്ധരായി തുടരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ഷെയര്‍ചാറ്റ് പബ്ലിക് പോളിസി ഡയറക്ടര്‍ ബെര്‍ജസ് വൈ മലു പറഞ്ഞു. ഇന്ത്യയെ കണക്ട് ചെയ്ത്, പ്രാദേശിക മേഖലകളില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു സോഷ്യല്‍ മീഡിയ വിപ്ലവത്തെ ഷെയര്‍ചാറ്റ് നിശബ്ദമായി നയിക്കുകയാണ്. പ്ലാറ്റ്ഫോമിലെ എല്ലാ ഉപയോക്താക്കളെയും സാംസ്‌കാരികമായി ബന്ധിപ്പിക്കാന്‍ 25ലേറെ വിഭാഗങ്ങളിലുള്ള ഞങ്ങളുടെ ഉള്ളടക്ക വൈവിധ്യത്തിലൂടെ സാധിച്ചു-അദ്ദേഹം പറഞ്ഞു.

ഗുരുതരമായ സ്വകാര്യത, സൈബര്‍ സുരക്ഷ, ദേശീയ സുരക്ഷാ ലംഘനമുള്ള പ്ലാറ്റ്ഫോമുകള്‍ക്കെതിരായ സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ് മേഖലക്ക് സര്‍ക്കാര്‍ പിന്തുണ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തെക്കുറിച്ച് സംസാരിച്ച പബ്ലിക് പോളിസി ഡയറക്ടര്‍ വ്യക്തമാക്കി.

2020 ഏപ്രിലില്‍, കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യസേതു ആപിനെ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കാന്‍ ഷെയര്‍ചാറ്റിന് കഴിഞ്ഞിരുന്നു. ആപിനെ കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിന് 50 ദശലക്ഷം രൂപയുടെ പരസ്യ ക്രെഡിറ്റുകളും സംഭാവന ചെയ്തു. സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പുറമെ തുടക്കക്കാര്‍ക്കും സൗകര്യപ്രദമായ ഡിജിറ്റല്‍ ഇടം നല്‍കാനുള്ള ദീര്‍ഘ വീക്ഷണത്തോടെയാണ് ഷെയര്‍ചാറ്റ് നിര്‍മിച്ചിരിക്കുന്നത്. ഓരോ ഉപയോക്താവിനും അവരുടെ ചിന്തകള്‍, വികാരങ്ങള്‍, അഭിപ്രായങ്ങള്‍ പങ്കിടാന്‍ പ്ലാറ്റ്ഫോം പ്രാപ്തമാക്കുന്നുണ്ട്. ഭാഷാ തടസ്സമില്ലാതെ രാജ്യത്തെ ഏതു കോണിലുള്ളവരുമായും സൗഹൃദവും സാധ്യമാക്കുന്നു. പ്രതിമാസം ഒരു ബില്ല്യണ്‍ വാട്ട്സ്ആപ് ഷെയറുകളാണ് ഷെയര്‍ചാറ്റിന് ലഭിക്കുന്നത്. ഉപഭോക്താക്കള്‍ ദിവസവും 25 മിനിറ്റിലധികം സമയം പ്ലാറ്റ്ഫോമില്‍ ചെലവഴിക്കുകയും ചെയ്യുന്നുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7