ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയോട് ശക്തമായി പ്രതികരിച്ച് ചൈന. ഇന്ത്യയുടെ നടപടിയിൽ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. ചൈനീസ് ബിസിനസുകൾ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ആപ്പുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ടിക് ടോക്, യുസി ബ്രൗസർ, വി ചാറ്റ് തുടങ്ങി 59 ആപ്പുകൾക്കാണ് ഇന്ത്യ നിരോധനമേർപ്പെടുത്തിയത്.
ഇതേതുടർന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ തങ്ങൾ ചൈനീസ് സർക്കാരിന് നൽകുന്നില്ലെന്ന് ടിക്ടോക് പ്രസ്താവന ഇറക്കിയിരുന്നു.
അതേസമയം ഇന്ത്യൻ വെബ്സൈറ്റുകൾ ചൈനയിൽ ഉപയോഗിക്കാനാവുന്നില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടുദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്ക്ടോപ്പുകളിലും എക്സ്പ്രസ് വി.പി.എന്‍ പ്രവർത്തിക്കുന്നില്ല. ഷി ജിൻപിങ് സർക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN)തടസ്സപ്പെടുത്തിയതിനാലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ഐ.പി. ടി.വി. വഴി ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ വീക്ഷിക്കാൻ സാധിക്കുമെന്ന് ബെയ്ജിങ്ങിലെ നയതന്ത്രവൃത്തങ്ങൾ പറയുന്നു. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വെബ്സൈറ്റുകക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.
പ്രതിഷേധസ്വരങ്ങളെ അടിച്ചമർത്തുന്ന ചൈനയുടെ ഓൺലൈൻ സെൻസർഷിപ്പ് കുപ്രസിദ്ധമാണ്. ഉദാഹരണത്തിന് ഹോങ്കോങ് പ്രതിഷേധം എന്ന വാക്ക് സിഎൻഎനോ ബിബിസിയോ ഉപയോഗിച്ചാൽ ബെയ്ജിങ്ങിലെ സ്ക്രീനുകൾ ശൂന്യമാകും. പ്രസ്തുത ടോപിക് അവസാനിച്ചാൽ മാത്രമേ ന്യൂസ് വീണ്ടും കാണാൻ സാധിക്കൂ.
‘ടിക് ടോക്’ അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യസുരക്ഷയും പൗരൻമാരുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണു നിരോധനമെന്ന് ഇലക്ട്രോണിക്സ് ആൻഡ് വിവര സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു.വിവര സാങ്കേതികവിദ്യാ ചട്ടത്തിന്റെ 69 എ വകുപ്പ് അനുസരിച്ചും 2009 മുതൽ നിലവിലുള്ള വിവരനിയന്ത്രണ നിയമം അനുസരിച്ചുമാണ് നടപടി.
follow us: PATHRAM ONLINE