കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്നു കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓണ്‍ലൈന്‍ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി ചുമത്തി. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിനാണ് കേസ്
ആള്‍മാറാട്ടം നടത്തി വിവാഹ അഭ്യര്‍ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു തുടങ്ങി ഷംന കാസിം നല്‍കിയ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാണ്. മുഖ്യപ്രതി ഷരീഫ് അടക്കം ഏഴുപേര്‍ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദില്‍ നിന്ന് കൊച്ചിയില്‍ എത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഷംനയുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ രേഖപ്പെടുത്താനാണ് തീരുമാനം. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും.
റഫീഖ്, മുഹമ്മദ് ഷരീഫ് തുടങ്ങി പൊലീസ് കസ്റ്റഡിയില്‍ തുടര്‍ന്ന പ്രതികളുമായി ഇന്ന് തെളിവെടുപ്പും ഉണ്ടായേക്കും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട കേസിലെ പ്രധാന പ്രതിയായ ഷരീഫിന്റെ, സിനിമയില്‍ മേക്കപ് ആര്‍ട്ടിസ്റ്റായ ബന്ധുവിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളാണു ഷംനയ്ക്ക് വിവാഹ ആലോചന കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ നിഗമനം.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ റഫീഖിന്റെ സുഹൃത്തും ഇടുക്കി സ്വദേശിനിയുമായ യുവതിയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവരാണു മോഡലുകള്‍ക്ക് വാഗ്ദാനം നല്‍കി പാലക്കാട്ടും വടക്കഞ്ചേരിയിലും എത്തിച്ചതെന്നു പരാതിക്കാരില്‍ ഒരാളുടെ മൊഴിയുണ്ട്. കൂടാതെ ഷംനയുമായും ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇവര്‍ സിനിമസീരിയല്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയാണ്. തട്ടിപ്പിനിരയായ ഇടുക്കി സ്വദേശിനിയെയും പൊലീസ് തിരയുന്നുണ്ട്.
ഷംന കാസിം, പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട 8 യുവതികള്‍ എന്നിവര്‍ക്കു പുറമേ തട്ടിപ്പിനിരയായവരില്‍ 14 യുവതികളെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണവും പണവുമൊക്കെ വീണ്ടെടുത്തു തരാമെന്നു പൊലീസ് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും വിവാദം ഭയന്ന് പലരും പരാതി നല്‍കാന്‍ തയാറായിട്ടില്ല. 5 പുതിയ പരാതികളാണ് ഞായറാഴ്ച ലഭിച്ചത്.
അതേസമയം, തട്ടിപ്പിനിരയായവരുടെ വിവരങ്ങള്‍ ഓരോരുത്തരും പൊലീസിനു കൈമാറുന്നുണ്ട്. ഇവന്റ് മാനേജ്‌മെന്റ്, ആങ്കറിങ് മേഖലകളിലെ തുടക്കക്കാരായ മോഡലുകളാണു ഇവരില്‍ ഏറെയും. ഇവരുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണു തട്ടിപ്പു സംഘം പലരെയും ഇരകളാക്കിയത്.
8 യുവതികളെ സംഘം മാര്‍ച്ചില്‍ പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ അടച്ചിട്ടു ഭീഷണിപ്പെടുത്തിയെന്നാണ് ഇരയായ ഒരു യുവതി വെളിപ്പെടുത്തിയിരുന്നത്. ജനുവരിയില്‍ ഇതേ രീതിയില്‍ വടക്കഞ്ചേരി, പാലക്കാട്, ചാലക്കുടി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ താമസിപ്പിച്ചതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. സംഘത്തിനെതിരെ എളമക്കര പൊലീസില്‍ ലഭിച്ച പരാതിയില്‍ കേസെടുത്തു. 70,000 രൂപ, 2 പവന്‍ ആഭരണം എന്നിവ കവര്‍ന്നതായാണ് ഇടപ്പള്ളി സ്വദേശിനിയുടെ പരാതി.
പണം തട്ടിപ്പാണു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ഇതുവരെയുള്ള വിവരമെന്നു ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു. ‘ വിവിധ സ്റ്റേഷനുകളിലായി ഷംനയുടെതടക്കം 6 കേസുകളാണു സംഘത്തിനെതിരെ ഇതുവരെ റജിസ്റ്റര്‍ ചെയ്തത്. 7 പ്രതികള്‍ അറസ്റ്റിലായി. 2 പ്രതികളെക്കൂടി പിടിക്കാനുണ്ട്. കൂടുതല്‍ ഇരകളുടെ മൊഴി എടുക്കുന്നതോടെ, േവറെയും പ്രതികളുണ്ടാകാനുള്ള സാധ്യതയുണ്ട്. ‘ ഡിസിപി അറിയിച്ചു.