ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യും. ചെറുപയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് ഇത്തരത്തില്‍ ഒമ്പത് ഇനങ്ങളാണ് അരിക്കു പുറമേ നല്‍കുന്നത്.

സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ജൂലൈ ആദ്യവാരത്തോടെ കിറ്റുകള്‍ വിതരണം ചെയ്യും.

ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 1,311 ടിവികളും 123 സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളും 146 കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ടി.വികള്‍ വിതരണം ചെയ്തത് കണ്ണൂരിലാണ് 176 എണ്ണം. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത് കൊച്ചി സിറ്റിയിലാണ് 40 എണ്ണം. സ്പോണ്‍സര്‍മാരുടെയും താല്‍പര്യമുള്ള മറ്റ് വ്യക്തികളുടെയും സഹായത്തോടെയാണ് ഇവ നല്‍കിയത്.

കോവിഡ് പ്രതിരോധത്തിന് പോലീസും വോളണ്ടിയര്‍മാരും നല്‍കുന്ന സംഭാവനകള്‍ മാനിച്ച് എല്ലാ ജില്ലകളിലും അവരെ ആദരിക്കും. അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

ROPE(റോട്ടറി- പോലീസ് എന്‍ഗേജ്മെന്റ്) എന്ന പേരില്‍ ധരിക്കാനായി ജാക്കറ്റ് നല്‍കുന്ന പദ്ധതിയുമായി കേരളത്തിലെ റോട്ടറി ക്ലബ്ബുകള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7