രാജ്യത്തിന് അഭിമാനമായി മലയാളി നഴ്‌സും വിദ്യാര്‍ത്ഥിയും. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും വിദേശ രാജ്യങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ ഇന്ത്യക്കാര്‍ കയ്യടി നേടുന്നത് സ്ഥിരം കാഴ്ചയാണ്. ജോലി ചെയ്യുന്നിടത്തും പഠിക്കുന്നിടത്തുമെല്ലാം ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ യശസ്സ് ഉയര്‍ത്തുന്നവര്‍. ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന മലയാളി നഴ്‌സ് ഷാരോണ്‍ വര്‍ഗീസിന് നന്ദിയറിയിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിനു പിന്നാലെ, കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ബെംഗളൂരുവില്‍നിന്നുള്ള വിദ്യാര്‍ഥി ശ്രേയസ് ശ്രേഷ്ഠിനെ അഭിനന്ദിച്ച് മറ്റൊരു ഓസീസ് താരം ഡേവിഡ് വാര്‍ണറും ഇതാ രംഗത്ത്.
ദ ഓസ്‌ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റെ (ഓസ്‌ട്രേഡ്) യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളെ ഡേവിഡ് വാര്‍ണര്‍ അഭിനന്ദിച്ചത്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ശ്രേയസ്.
‘എല്ലാവര്‍ക്കും നല്ലൊരു ദിനം, നമസ്‌തേ. കോവിഡ് 19ന്റെ സമയത്ത് നിസ്വാര്‍ഥമായി സേവനം ചെയ്ത ശ്രേയസ് ശ്രേഷ്ഠിന് നന്ദിയറിയിക്കാനാണ് ഞാനെത്തിയിരിക്കുന്നത്. ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ചെയ്യുകയാണ് ശ്രേയസ്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്ന ടീമില്‍ അംഗമാണ് അദ്ദേഹം’ വാര്‍ണര്‍ വിഡിയോയില്‍ പറയുന്നു.
‘ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപാട് നന്ദി. താങ്കളുടെ ഈ പ്രവര്‍ത്തനങ്ങളില്‍ മാതാപിതാക്കളും ഇന്ത്യയും വളരെയേറെ അഭിമാനിക്കുന്നുണ്ടാകും. ഇനിയും ഈ മഹത്തായ പ്രവര്‍ത്തനങ്ങള്‍ തുടരുക. ഈ പ്രതിസന്ധി ഘട്ടത്തില്‍ നാമെല്ലാം ഒരുമിച്ചാണ്’ വാര്‍ണര്‍ പറഞ്ഞു.
കോവിഡ് കാലത്ത് നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാമായിരുന്നിട്ടും അതിനു തുനിയാതെ ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കോട്ടയം കുറുപ്പന്തറ സ്വദേശി ഷാരോണ്‍ വര്‍ഗീസിന് നന്ദിയറിയിച്ച് രംഗത്തെത്തിയത് സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റാണ്. മൂന്നു മാസം മുന്‍പാണ് ഷാരോണ്‍ ഓസ്ട്രേലിയയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയത്.
ലോക്ഡൗണിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം നേരിടേണ്ടി വന്നപ്പോഴാണ് ഓസ്‌ട്രേലിയ രാജ്യാന്തര വിദ്യാര്‍ഥികളുടെ സഹായം തേടിയത്. രണ്ടാമത് ആലോചിക്കാതെ ഷാരോണ്‍ സന്നദ്ധത അറിയിച്ചു. ഓസ്‌ട്രേലിയയുടെ ഒപ്പമുണ്ടാകും എന്നു പറയുന്ന ഷാരോണിന്റെ വിഡിയോയാണ് അവരുടെ ആദരം പിടിച്ചുപറ്റിയത്. തുടര്‍ന്ന് ഗില്‍ക്രിസ്റ്റ് വിളിച്ചു. അതിന്റെ വിഡിയോയും പോസ്റ്റ് ചെയ്തു.
സിഡ്‌നിക്കടുത്തുള്ള വൊലങ്കങ്ങിലെ മുതിര്‍ന്നവര്‍ക്കുള്ള നഴ്‌സിങ് ഹോമില്‍ നഴ്‌സാണ് ഷാരോണ്‍ ഇപ്പോള്‍. അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണു ജോലിയെന്ന് ഷാരോണ്‍ പറഞ്ഞു. കുവൈത്തില്‍ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന അമ്മ ആന്‍സിയാണ് പ്രചോദനം. അച്ഛന്‍ ലാലിച്ചനും കുവൈത്തിലാണ്.
Follo us: pathram online latest news