ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും. ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടാനാണു സാധ്യത. റെഡ് സോണുകള്‍ പുനര്‍നിര്‍ണയിക്കും. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ടം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് രാവിലെ 11ന് പ്രഖ്യാപിക്കും. ടൂറിസമടക്കം സേവനമേഖലയിലും വന്‍കിട ബിസിനസ് രംഗത്തും ഇളവുകള്‍ പ്രതീക്ഷിക്കുന്നു.
ലോക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്!മെന്റ് സോണുകളില്‍ മാത്രമാകും. രാജ്യത്തെ കോവിഡ് ബാധയുടെ 80 ശതമാനവുമുള്ള 30 ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്ക് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി അനുമതി നല്‍കിയേക്കും. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒഴികെ ജില്ല കടന്നുള്ള യാത്രകള്‍ കൂടുതല്‍ അനുവദിക്കും. സംസ്ഥാനന്തര യാത്രകളും അനുവദിച്ചേക്കും. ഇതിനായി കേന്ദ്രീകൃത പാസ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. ആരോഗ്യസേതു മൊബൈല്‍ ആപ് നിര്‍ബന്ധമാക്കും.
യാത്രക്കാര്‍ കോവിഡുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കണം. റെഡ് സോണിലുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി എല്ലാ ഉല്പന്നങ്ങളും വില്ക്കാന് അനുമതി നല്‍കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനവരെ ജീവനക്കാരെ അനുവദിച്ചേക്കും. ആഭ്യന്തര വിമാനസര്‍വീസ് ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും. ജൂണിന് ശേഷമേ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലാകൂ. അതുവരെ സ്പഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞു കിടക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കുമുള്ള ആളുകളുടെ നിയന്ത്രണം തുടരും. മഹാരാഷ്ട്രയും മിസോറമും പഞ്ചാബും ലോക്ഡൗണ്‍ നീട്ടിക്കഴിഞ്ഞു.
follow us on pathram online latest news