അന്ന് ഇരട്ടസെഞ്ചുറിയിലെത്തും മുന്‍പ് 190കളില്‍ സച്ചിന്‍ ഔട്ടായിരുന്നു്; അംപയര്‍ ഇയാന്‍ ഗൂള്‍ഡ് ഔട്ട് അനുവദിച്ചില്ലെന്ന് സ്‌റ്റെയ്ന്‍

ജൊഹാനാസ്ബര്‍ഗ്: രാജ്യാന്തര ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ചരിത്രമെഴുതിയ മത്സരത്തില്‍, 190കളില്‍വച്ച് താന്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ ‘തമാശ’. സച്ചിനെതിരെ ഇന്ത്യയില്‍ ബോള്‍ ചെയ്യുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഗ്വാളിയറില്‍ ഇരട്ടസെഞ്ചുറിക്കരികെ സച്ചിനെ എല്‍ബിയില്‍ കുരുക്കിയതായി സ്‌റ്റെയ്ന്‍ പറഞ്ഞത്. 2010 ഫെബ്രുവരി നാലിന് ഗ്വാളിയറില്‍ നടന്ന ആ ഏകദിന മത്സരത്തിലാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആദ്യ ഏകദിന ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കി ചരിത്രമെഴുതിയത്. 147 പന്തില്‍ 25 ഫോറും മൂന്നു സിക്‌സും സഹിതമാണ് അന്ന് സച്ചിന്‍ ഇരട്ടസെഞ്ചുറിയിലെത്തിയത്. മത്സരത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്ത ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 248 റണ്‍സിന് പുറത്താക്കി 153 റണ്‍സിന്റെ കൂറ്റന്‍ വിജയം ആഘോഷിക്കുകയും ചെയ്തു.

എന്നാല്‍, അന്ന് ഇരട്ടസെഞ്ചുറിയിലെത്തും മുന്‍പ് സച്ചിന്‍ ഔട്ടായിരുന്നുവെന്നാണ് തമാശരൂപേണ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ചൂണ്ടിക്കാട്ടിയത്. ജയിംസ് ആന്‍ഡേഴ്‌സന്‍, മുന്‍ ഇംഗ്ലണ്ട് താരങ്ങളായ നാസര്‍ ഹുസൈന്‍, റോബ് കീ എന്നിവര്‍ക്കൊപ്പം നടത്തിയ സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റിന്റെ പോഡ്കാസ്റ്റിലാണ് സ്‌റ്റെയ്‌നിന്റെ തമാശ. സച്ചിന്‍ ഔട്ടാണെന്ന് വിധിച്ചാല്‍ അദ്ദേഹത്തിന്റെ ഇരട്ടസെഞ്ചുറി കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഗ്വാളിയറിലെ ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന സംശയം നിമിത്തം അംപയര്‍ ഇയാന്‍ ഗൂള്‍ഡ് ഔട്ട് അനുവദിച്ചില്ലെന്ന് സ്‌റ്റെയ്ന്‍ പറഞ്ഞു.

‘രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നേടിയത് ഞങ്ങള്‍ക്കെതിരെയാണ്. ഗ്വാളിയറില്‍വച്ച്. അന്ന് 190കളില്‍വച്ച് ഞാന്‍ സച്ചിനെ എല്‍ബിയില്‍ കുരുക്കിയതാണ്. അന്ന് ഇയാന്‍ ഗൂള്‍ഡായിരുന്നു അംപയര്‍. ഞാന്‍ അപ്പീല്‍ ചെയ്‌തെങ്കിലും അദ്ദേഹം അനുവദിച്ചില്ല. എന്റെ അപ്പീലിനോട് അംപയര്‍ പ്രതികൂലമായി പ്രതികരിച്ചതോടെ ഇതെന്തുകൊണ്ടാണ് താങ്കള്‍ ഔട്ട് അനുവദിക്കാത്തതെന്ന രീതിയില്‍ ഞാന്‍ അദ്ദേഹത്തെ നോക്കി. ‘ചുറ്റിലുമൊന്നു നോക്കൂ. ഇതെങ്ങാനും ഔട്ട് അനുവദിച്ചാല്‍ പിന്നെ ഞാന്‍ ഹോട്ടല്‍ മുറിയിലേക്ക് തിരികെ പോകേണ്ടി വരില്ല’ എന്ന അര്‍ഥത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം’ – സ്‌റ്റെയ്ന്‍ വിവരിച്ചു.

>ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നില്‍വച്ച് സച്ചിനെതിരെ ബോള്‍ ചെയ്യുന്നതിലെ വെല്ലുവിളികളും ആന്‍ഡേഴ്‌സനുമൊത്തുള്ള പോഡ്കാസ്റ്റില്‍ സ്‌റ്റെയ്ന്‍ അനുസ്മരിച്ചു: ‘നമ്മളൊരു മോശം പന്തെറിയുമ്പോള്‍ സച്ചിനത് ബൗണ്ടറി കടത്തുന്നുവെന്ന് കരുതുക. പ്രത്യേകിച്ചും മുംബൈയിലൊക്കെ വച്ച് മത്സരത്തില്‍ അദ്ദേഹം േനടുന്ന ആദ്യ റണ്ണാണതെന്നുകൂടി കരുതുക. ഈ ലോകം നമുക്കു മുന്നില്‍ അവസാനിക്കുന്നതായി തോന്നും. സത്യത്തില്‍ അദ്ദേഹം നാലു റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. പക്ഷേ, 500 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുക’ – സ്‌റ്റെയ്ന്‍ പറഞ്ഞു.

അന്ന് ഗ്വാളിയറില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് 11 പന്തില്‍ ഒരു ഫോര്‍ സഹിതം ഒന്‍പതു റണ്‍സുമായി മടങ്ങിയെങ്കിലും പിന്നീട് വന്നവരെല്ലാം ചേര്‍ന്ന് ഇന്ത്യയെ 400 കടത്തി. ഇതില്‍ പകുതിയോളം റണ്‍സ് സച്ചിന്റെ ബാറ്റില്‍നിന്ന് മാത്രമാണ് പിറന്നത്. 147 പന്തില്‍ 25 ഫോറും മൂന്നു സിക്‌സും സഹിതം 200 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇന്നിങ്‌സിലെ അവസാന ഓവറിലാണ് സച്ചിന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

സച്ചിനു പുറമെ വണ്‍ഡൗണായെത്തിയ ദിനേഷ് കാര്‍ത്തിക്, യൂസഫ് പഠാന്‍, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം അന്ന് തിളങ്ങി. കാര്‍ത്തിക് 85 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം നേടിയത് 79 റണ്‍സ്. പഠാന്‍ 23 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 36 റണ്‍സ് നേടി. ഒടുവില്‍ തകര്‍ത്തടിച്ച് കളിച്ച ധോണി 35 പന്തില്‍ ഏഴു ഫോറും നാലു സിക്‌സും സഹിതം 68 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റില്‍ സച്ചിന്‍ – കാര്‍ത്തിക് സഖ്യം 194 റണ്‍സും മൂന്നാം വിക്കറ്റില്‍ സച്ചിന്‍ – പഠാന്‍ സഖ്യം 81 റണ്‍സും പിരിയാത്ത നാലാം വിക്കറ്റില്‍ സച്ചിന്‍ – ധോണി സഖ്യം 101 റണ്‍സും കൂട്ടിച്ചേര്‍ത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി എ.ബി. ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ സെഞ്ചുറി കുറിച്ചെങ്കിലും ഇന്ത്യയുടെ സ്‌കോറിന്റെ ഏഴയലത്തുപോലും എത്താനായില്ല. ഡിവില്ലിയേഴ്‌സ് 101 പന്തില്‍ 13 ഫോറും രണ്ടു സിക്‌സും സഹിതം 114 റണ്‍സുമായി പുറത്താകാതെ നിന്നു. ഒടുവില്‍ 42.5 ഓവറില്‍ ദക്ഷിണാഫ്രിക്ക 248 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി മലയാളി താരം ശ്രീശാന്ത് മൂന്നു വിക്കറ്റെടുത്തു. ആശിഷ് നെഹ്‌റ, യൂസഫ് പഠാന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7