കുലുക്കി വിളിച്ചെങ്കിലും മറുപടിയില്ല..ഭര്‍ത്താവ് മരിച്ചതറിയാതെ ഭാര്യ

ചെന്നൈ : എല്ലാ ദിവസത്തെയും പോലെ രാവിലെ ഒരോ കാര്യങ്ങല്‍ പറയുകയായിരുന്നു ജയ (65) പക്ഷേ, തങ്കപ്പന്റെ (70) പതിവു മൂളല്‍ കേട്ടില്ല. എന്തുപറ്റിയെന്നു നോക്കാന്‍ കാഴ്ചയില്ലാത്തതിനാല്‍, കുലുക്കി വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഒടുവില്‍ ആഹാരം നല്‍കാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് അറിയുന്നത്, തങ്കപ്പന്‍ മരിച്ചുവെന്ന്.

കോവിഡ് സംശയത്തെ തുടര്‍ന്ന് ജയയെ ക്വാറന്റീനിലാക്കി. കോട്ടയം സ്വദേശിയായ തങ്കപ്പന്‍, കഴിഞ്ഞദിവസം ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം വന്നിട്ടില്ല.

മൈലാപൂരിലെ ഏതോ ക്ഷേത്ര പരിസരത്താണു തങ്കപ്പന്‍, ചെന്നൈക്കാരി ജയയുടെ കൈപിടിച്ചത്. കാഴ്ചയില്ലാത്ത അവര്‍, പിന്നീടങ്ങോട്ട് പരസ്പരം കണ്ണായി. മറീന കടല്‍ തീരത്തോടു ചേര്‍ന്നു മൈലാപൂരിലെ കച്ചേരി റോഡരികില്‍ താങ്ങും തണലുമായി ജീവിക്കുകയായിരുന്നു.

സാന്തോമിലെ റോഡരികില്‍ വര്‍ഷങ്ങളായി ഇവരുണ്ട്. സന്നദ്ധ പ്രവര്‍ത്തകന്‍ നല്‍കിയ മുച്ചക്ര വാഹനത്തില്‍ ടാര്‍പോളിന്‍ കൊണ്ടു മൂടിയൊരുക്കിയാണു ജീവിതം. ഭക്ഷണം ആരെങ്കിലും നല്‍കും. 4 വര്‍ഷം മുന്‍പാണ് ഒരുമിച്ചു ജീവിതം തുടങ്ങിയതെന്നു ജയ പറയുന്നു.

ജയയ്ക്കു ജന്മനാ കാഴ്ചയില്ല. ഭാഗിക കാഴ്ച ശക്തിയുണ്ടായിരുന്ന തങ്കപ്പനു പിന്നീട് പൂര്‍ണമായി നഷ്ടപ്പെട്ടു. പാപ്പാനായിരുന്നുവെന്നു പറഞ്ഞതു മാത്രമാണു ജയയ്ക്ക് അറിയാവുന്ന തങ്കപ്പന്റെ മേല്‍വിലാസം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7