കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാം ഘട്ട നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ്. ലോകരാഷ്ട്രങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് മൂന്ന് ഷിഫ്റ്റായി ഉദ്യോഗസ്ഥരെ വിന്യസിക്കും. ആറ്റുകാല്‍ പൊങ്കാല മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് 19 ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മറ്റ് രാജ്യങ്ങളില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ രണ്ടാംഘട്ട നിരീക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ മറ്റ് മൂന്നിടങ്ങളില്‍ കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സ്ഥിതിക്ക് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നിരീക്ഷണം തുടരാന്‍ മുഖ്യമന്ത്രിയും നിര്‍ദേശിച്ചു. ഐസൊലേഷന്‍ വാര്‍ഡുകള്‍ ആശുപത്രികളില്‍ നിലനിര്‍ത്തും. ജീവനക്കാരും
ജില്ലാ ടീമും സജ്ജമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ആപ്‌ളിക്കേഷന്‍ നിര്‍മിക്കും. ജനങ്ങളുടെ സഹകരണം തുടരണം. കൊവിഡ് 19 ബാധിത മേഖലകളില്‍ നിന്ന് വരുന്നവര്‍ ആര്യോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.
അതേസമയം, സംസ്ഥാനത്ത് 388 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 130 പേരെ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.ആറ്റുകാല്‍ പൊങ്കാല മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നും കൂടുതല്‍ അപകടകരമായ സാഹചര്യത്തില്‍ വരുന്ന ആള്‍ക്കാരെ മാത്രമേ മാറ്റിനിര്‍ത്തേണ്ടതുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.