ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പുകഴ്ത്തി മുന്‍ പാക് പേസര്‍ ഷൊഐബ് അക്തര്‍. രോഹിത് സച്ചിനെപ്പോലെയാണ് ബാറ്റ് ചെയ്യുന്നതെന്നും രോഹിതിന്റെ അപ്പര്‍ കട്ടുകള്‍ സച്ചിന്റേതിനു സമാനമാണെന്നും അക്തര്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ പരമ്പരക്ക് ശേഷമാണ് അക്തര്‍ രോഹിതിനെ പുകഴ്ത്തി രംഗത്തെത്തിയത്.
”രോഹിത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ മികച്ച പന്താണോ മോശം പന്താണോ എന്നൊന്നും അദ്ദേഹം നോക്കാറില്ല. അദ്ദേഹം കളിക്കുന്ന ഷോട്ടുകള്‍ക്ക് വല്ലാത്ത ചാരുതയുണ്ട്. ബാറ്റിംഗ് അദ്ദേഹത്തിന് വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടതാണ്. മിച്ചല്‍ സ്റ്റാര്‍ക്കിനെയും കമ്മിന്‍സിനെയും അദ്ദേഹം അനായാസം നേരിട്ടു. അദ്ദേഹത്തിന്റെ ആ കട്ട് ഷോട്ട് സച്ചിന്റെ സിക്സറിനെയാണ് ഓര്‍മിപ്പിച്ചത്”- അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.
നേരത്തെ, കഴിഞ്ഞ ലോകകപ്പില്‍ രോഹിതിന്റെ അപ്പര്‍ കട്ടിനെ സച്ചിന്റെ ഷോട്ടിനോടുപമിച്ച് ഐസിസിയും രംഗത്തെത്തിയിരുന്നു. അന്ന് ഇരുവരുടെയും ഷോട്ടുകളുടെ വീഡിയോ ആണ് ഐസിസി പങ്കുവെച്ചത്.
മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് വിജയിച്ചിരുന്നു. ജയത്തോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഏകദിന കരിയറിലെ 29-മത് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് (119) ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നെടുംതൂണായത്. രണ്ടാം വിക്കറ്റില്‍ കോലി-രോഹിത് സഖ്യം 137 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
Sachin in 2003 or Rohit in 2019 – who did it better? pic.twitter.com/M9k8z5lLQd
— ICC (@ICC) June 16, 2019