രാജ്‌കോട്ടില്‍ രാജാക്കന്മാരായി ഇന്ത്യ; ഓസിസിനെ തറപറ്റിച്ചു

മുംബൈയില്‍ പത്ത് വിക്കറ്റിന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഓസിസിനെ തറപറ്റിച്ചു. രാജ്കോട്ടില്‍ 36 റണ്‍സ് വിജയവുമായി ഗംഭീര ഉയര്‍ത്തെഴുന്നേല്‍പ്പാണ് ടീം ഇന്ത്യ നടത്തിയത്. രണ്ടാം ഏകദിനത്തില്‍ 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പമെത്തി. (11). മൂന്നാം ഏകദിനം ഞായറാഴ്ച്ച ബെംഗളൂരുവില്‍ നടക്കും.

മുന്നൂറിലധികം റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തില്‍ തന്നെ പാളിച്ച സംഭവിച്ചു. 20 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (15) പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ മനീഷ് പാണ്ഡെയുടെ സൂപ്പര്‍മാന്‍ ക്യാച്ച്. പിന്നീട് ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും ഇന്നിങ്സ് മുന്നോട്ടു നയക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാനായില്ല. ജഡേജയുടെ പന്തില്‍ രാഹുലിന്റെ മിന്നല്‍ സ്റ്റമ്പിങ്ങില്‍ ഫിഞ്ച് (33) പുറത്ത്. 47 പന്തില്‍ 46 റണ്‍സെടുത്ത് ലബൂഷെയ്ന്‍ ഇന്നിങ്സിന് വേഗതയേകി. സ്മിത്തിനൊപ്പം മുന്നേറുന്നതിനിടെ ലബൂഷെയ്നെ ജഡേജ പുറത്താക്കി.

38ാം ഓവറില്‍ 2 വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. അലക്‌സ് കാരിയെ കോലിയുടെ കൈകളില്‍ സുരക്ഷിതമായി എത്തിച്ച് കുല്‍ദീപ് ആദ്യ വിക്കറ്റെടുത്തു. സ്റ്റീവ് സ്മിത്തിനെ 98 റണ്‍സില്‍ നില്‍ക്കെ ബോള്‍ഡാക്കി ഓസ്‌ട്രേലിയയ്ക്കു വീണ്ടും പ്രഹരമേല്‍പിച്ചു. 102 പന്തില്‍ 98 റണ്‍സ്, ഒമ്പത് ഫോറും ഒരു സിക്സും. ഇതോടെ ഓസീസ് പരുങ്ങലിലായി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. 54 റണ്‍സിനിടയില്‍ ശേഷിക്കുന്ന അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. പാറ്റ് കമ്മിന്‍സിനെ പൂജ്യത്തിനും ആഷ്ടന്‍ ടേണറെ 13 റണ്‍സിനും 44ാം ഓവറിലെ തുടര്‍ പന്തുകളില്‍ മുഹമ്മദ് ഷാമി പുറത്താക്കി. 47ാം ഓവറില്‍ നവ്ദീപ് സെയ്‌നിയും വീഴ്ത്തി രണ്ട് വിക്കറ്റ്.

പുറത്തായത് ആഷ്ടന്‍ ആഗറും മിച്ചല്‍ സ്റ്റാര്‍ക്കും. ആദം സാംപയെ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ബുമ്ര ഓസീസ് പതനം പൂര്‍ത്തിയാക്കി. ഇന്ത്യയ്ക്കായി പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് കിട്ടി. മുഹമ്മദ് ഷമി മൂന്നും നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റ് നേടി. ജയത്തോടെ (1-1) പരമ്പരയില്‍ ഇന്ത്യ ജയപ്രതീക്ഷ ഉയര്‍ത്തി. ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന ഏകദിനത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7