ഓരോ തുളസി ഇല കൂടി വച്ചാല്‍ മതി..!!! മൊബൈല്‍ റേഡിയേഷന്‍ തടയാന്‍ വിചിത്ര വാദവുമായി ബാബാ രാംദേവ്‌

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ തടയാന്‍ തുളസിയിലക്ക് കഴിയുമെന്ന വിചിത്ര വാദവുമായി രംഗത്തുവന്നിരിക്കുകയാണ് ബാബാ രാംദേവ്. മൊബൈല്‍ ഫോണ്‍ കവറിനുള്ളില്‍ ഒരു തുളസിയില സൂക്ഷിക്കുന്നത് റേഡിയേഷനെ തടയുമെന്നും മൊബൈല്‍ ഫോണില്‍നിന്നുള്ള റേഡിയേഷനെ ഇല്ലാതാക്കാന്‍ തുളസിയിലക്ക് കഴിവുണ്ടെന്നുമാണ് രാംദേവ് പറയുന്നത്. മൊബൈല്‍ ഫോണ്‍ മാത്രമല്ല, റേഡിയേഷന്‍ പുറത്തുവിടുന്ന ഏതുവസ്തുവിലും ഈ പരീക്ഷണം ആര്‍ക്കും നടത്താമെന്നും അദ്ദേഹം പറഞ്ഞു.

തുളസി, പശു, വേദങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാത്തിനെയും ചിലര്‍ ചൂഴ്ന്നു പരിശോധിക്കുകയാണ്. ആന്റി റേഡിയേഷന്‍, ആന്റി ബാക്ടീരിയല്‍, ആന്റി വൈറസ് എന്നീ സഹജസ്വഭാവങ്ങളുള്ള തുളസിയുടെ വൈദ്യഗുണങ്ങളെ ശാസ്ത്ര പാരമ്പര്യം അംഗീകരിക്കുന്നുണ്ട്. റേഡിയേഷന്‍ ഒരാളുടെ ശരീരത്തെ ദുര്‍ബലമാക്കുമെന്നത് ശാസ്ത്രീയമായി പരീക്ഷിച്ചറിയാന്‍ സമയമെടുക്കും. എന്നാല്‍, ഒരാളുടെ കൈയില്‍ തുളസിയിലയുണ്ടെങ്കില്‍ റേഡിയേഷന്‍ തടയാമെന്ന് തെളിയിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ബാബ രാംദേവിന്റെ വാദം പച്ചക്കള്ളമാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര നായക് ചൂണ്ടിക്കാട്ടി.

ജനങ്ങളില്‍ അനാവശ്യഭീതി സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയാണ് ഇത്തരം വാദങ്ങള്‍ക്കു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ വഴിയുള്ള ആശയവിനിമയത്തിനടക്കം ഉപയോഗിക്കുന്ന മൈക്രോവേവ് കമ്യൂണിക്കേഷന്റെ തരംഗദൈര്‍ഘ്യം ഒരു മില്ലീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ്. ഇവയുടെ ഫ്രീക്വന്‍സിയാകട്ടെ 300 മെഗാഹെര്‍ട്‌സ് മുതല്‍ 300 ജിഗ ഹെര്‍ട്‌സ് വരെയുമാണ് നമ്മള്‍ പൊതുവെ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ 800 മെഗാഹെര്‍ട്‌സ് മുതല്‍ രണ്ട് ജിഗാ ഹെര്‍ട്‌സ് വരെയുള്ളവയാണ്. ഇത് പൊതുവെ ആരോഗ്യത്തിന് ഹാനികരമല്ല. മൊബൈല്‍ഫോണില്‍ ഇന്‍കമിങ്, ഔട്ട്‌ഗോയിങ് സമയങ്ങളില്‍ റേഡിയേഷന്‍ ഉണ്ടാവുന്നുണ്ട്. ഈ റേഡിയേഷനെ തടയാന്‍ തുളസിയിലക്ക് കഴിയുമെന്ന വാദം തെറ്റാണ്. റേഡിയേഷന്‍ തടയപ്പെട്ടാല്‍ മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടില്ലേയെന്നും നരേന്ദ്ര നായക് ചോദിക്കുന്നു.

മൊബൈല്‍ ഫോണ്‍ തുളസിയിലകൊണ്ട് പൊതിഞ്ഞ് നടത്തിയ അവതരണത്തിലൂടെ രാംദേവിന്റെ വാദത്തെ നരേന്ദ്ര നായക് പൊളിച്ചുകാട്ടി. തുളസിയിലകൊണ്ട് പൊതിഞ്ഞ മൊബൈല്‍ഫോണിലെ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്തു. പിന്നീട് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്തതുമില്ല. അലൂമിനിയം ഫോയിലിന് റേഡിയേഷനെ തടയാനാകുമെന്നും നരേന്ദ്ര നയക് വിശദീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7