തന്നെ തോല്‍പ്പിച്ചത് പി.ജെ. ജോസഫെന്ന് ജോസ് ടോം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം പി.ജെ. ജോസഫാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം. ജോസഫിന്റെ അജണ്ടയാണ് നടപ്പിലാക്കിയത്. ഒരു എംഎല്‍എ കൂടിയാല്‍ പാര്‍ട്ടിയില്‍ ജോസ് കെ മാണി വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടാകും. ഇത് തടയാനാണ് ജോസഫ് ശ്രമിച്ചതെന്നും ജോസ് ടോം ആരോപിച്ചു. പാലായില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജോസ് ടോം തുറന്നടിച്ചത്.

പി.ജെ. ജോസഫിനോട് രണ്ടില ചിഹ്നം ചോദിച്ചിരുന്നു. ചിഹ്നം തരാത്തതിനാലാണ് സ്വതന്ത്രനായി മത്സരിച്ചത്. ജോസഫ് വിഭാഗം നേതാക്കളില്‍ പലരും പ്രചാരണത്തില്‍ പങ്കെടുത്തില്ല. മാത്രമല്ല ജനങ്ങള്‍ക്ക് ഇവര്‍ തെറ്റായ സന്ദേശം നല്‍കുകയും ചെയ്തു. ജോയ് എബ്രഹാമിന്റെ പ്രസ്താവനകള്‍ പ്രശ്നങ്ങളുണ്ടാക്കി. ജോസഫിന് അത് നിയന്ത്രിക്കാമായിരുന്നുവെന്നും ജോസ് ടോം പറഞ്ഞു. താന്‍ സഭാ വിശ്വാസിയല്ലെന്നും പള്ളിയില്‍ പോകില്ലെന്നും പറഞ്ഞ് നോട്ടീസിറക്കിയതും ജോസഫ് വിഭാഗം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പരാജയപ്പെട്ടപ്പോള്‍ പി.ജെ. ജോസഫ് ചിരിച്ചുകൊണ്ടും സന്തോഷത്തോടെയുമാണ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി.ജെ. ജോസഫിനെ ആളുകള്‍ കൂവിയപ്പോള്‍ ജോസ് കെ.മാണി അപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കിയിരുന്നു. പി.ജെ.ജോസഫ് തന്റെ നേതാവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം താന്‍ ചിഹ്നം നല്‍കാത്തതാണ് തോല്‍വിക്ക് കാരണമെന്നത് തെറ്റായ വാദമാണ്. ഭരണഘടനാപരമായി ചിഹ്നം ചോദിച്ചിരുന്നെങ്കില്‍ നല്‍കുമായിരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7