ഏകദിന ലോകകപ്പ് പരാജയത്തിന്റെ ദുഖത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യന്‍ ടീം വീണ്ടും ഇന്ന് കളത്തിലിറങ്ങുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി20 ഇന്ന് നടക്കും. ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജനല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ക്രിക്കറ്റ് പ്രേമികള്‍ തിങ്ങിനിറഞ്ഞ വന്‍ സ്റ്റേഡിയങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇരു ടീമുകള്‍ക്കും പരിചിതമല്ലാത്ത മൂന്നാം രാജ്യത്തെ കൊച്ചു സ്റ്റേഡിയത്തിലാണ് കളിയെന്നതും പ്രത്യേകത.
ട്വന്റി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ടീമില്‍ പരീക്ഷണങ്ങള്‍ക്കാവും 3 മത്സരം വീതമുള്ള ട്വന്റി 20, ഏകദിന പരമ്പരകളെ ഇന്ത്യ പ്രയോജനപ്പെടുത്തുകയെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ലോകകപ്പ് ടീമിലെ ബോളിങ് പോര്‍മുന ജസ്പ്രീത് ബുമ്രയ്ക്കും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ച പരമ്പരയില്‍ മറ്റ് താരങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറും. ടീമില്‍ തിരിച്ചെത്തുന്ന ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്കു ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനുള്ള സുവര്‍ണാവസരമാണിത്. മധ്യനിരയിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഇവരിലൂടെ കണ്ടെത്താനാവും ശ്രമിക്കുക.
സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍, പേസര്‍മാരായ ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍ എന്നിവര്‍ക്കും ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണാവസരം. പേസര്‍ നവദീപ് സെയ്നി, ദീപക്കിന്റെ സഹോദരന് ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് അരങ്ങേറ്റത്തിനും വഴിതെളിയും.
പരുക്കില്‍ നിന്നു മോചിതനായി ശിഖര്‍ ധവാന് തിരിച്ചെത്തിയതു കൊണ്ട് കെ.എല്‍. രാഹുലിന് നാലാം നമ്പറിലേക്കു മടങ്ങാം. ലോകകപ്പില്‍ 5 സെഞ്ചുറികളുമായി റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസ ഗോസിപ്പുകള്‍ കളിയെ ബാധിച്ചിട്ടില്ലെന്നു തെളിയിക്കാനും അവസരമുണ്ട്. ഏറെ നാളുകള്‍ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സ്ഥാനമുറപ്പിക്കാനായി കളിക്കും. ധോണിയുടെ അഭാവത്തില്‍ സ്ഥിരം വിക്കറ്റ് കീപ്പറാകുന്ന ഋഷഭ് പന്തിനും ഉത്തരവാദിത്തമേറും.
കുട്ടിക്രിക്കറ്റിലെ വമ്പന്മാരാണ് വെസ്റ്റിന്‍ഡീസ്. ട്വന്റി20 ലോക ചാംപ്യന്മാര്. പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന് എന്നിവരുടെ തിരിച്ചുവരവ് ടീമിന് ഊര്‍ജം നല്‍കിക്കഴിഞ്ഞു. അതേസമയം, പരുക്കിന്റെ പിടിയില്‍നിന്ന് മുക്തനാകാതെ വന്നതോടെ ആന്ദ്രെ റസ്സല്‍ ട്വന്റി20 പരമ്പരയില്‍നിന്ന് പിന്മാറിയത് വിന്‍ഡീസിന് തിരിച്ചടിയായി.
ടീം: ഇന്ത്യ വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, കൃനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവദീപ് സെയ്നി.
വെസ്റ്റിന്‍ഡീസ്: ജോണ്‍ കാംബെല്‍, എവിന്‍ ലൂവിസ്, ഷിമ്റോണ്‍ ഹെറ്റ്മിയര്‍, നിക്കൊളാസ് പുരാന്, കീറന്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ് (ക്യാപ്റ്റന്‍), കീമോ പോള്‍, സുനില്‍ നരെയ്ന്, ഷെല്‍ഡന്‍ കോട്രല്‍, ഒഷെയ്ന് തോമസ്, ഖാരി പിയറി.