തിരുവനന്തപുരം: പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് വീണ്ടും പണം ആവശ്യപ്പെട്ട് വ്യോമസേന. 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേയ്ക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോട് പണം ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും ഇതേ രീതിയില്‍ തുക ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുളള ചെലവിലേക്കാണ് ഇത്രയും തുക നല്‍കണമെന്നാണ് വ്യോമസേന ആസ്ഥാനത്ത് നിന്നുള്ള അറിയിപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്നത്.
ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും വന്നു. ആ ഘട്ടത്തിലൊക്കെ സര്‍ക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തി. 113 കോടിയുടെ ബില്‍ ലഭിച്ചതിനെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഓഖി ദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് ബില്‍ ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ഇങ്ങനെ ബില്‍ അയക്കുന്ന രീതി പതിവാണെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്ന് തട്ടിക്കിഴിക്കാവുന്നതാണെന്നുമായിരുന്നു കേന്ദ്രം നല്കിയ മറുപടി.
പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിന്റെ ചെലവിലേയ്ക്കായി 25 കോടി രൂപയുടെ ബില്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.