കാനഡ ഗ്ലോബല്‍ ടി-20 ലീഗിലെ ആദ്യ മത്സരത്തില്‍ യുവരാജിനും സംഘത്തിനും തോല്‍വി. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ നയിച്ച വാന്‍കൂവര്‍ നൈറ്റ്സാണ് യുവിയുടെ ടൊറന്റോ നാഷണല്‍സിനെ തോല്പിച്ചത്. 8 വിക്കറ്റുകള്‍ക്കായിരുന്നു വാന്‍കൂവര്‍ നൈറ്റ്സിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നിശ്ചിത 20 ഓവറില്‍ 159/5 എന്ന സ്കോര്‍ നേടിയപ്പോള്‍, വാന്‍കൂവര്‍ വെറും 17.2 ഓവറുകളില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു. അര്‍ധ സെഞ്ചുറികള്‍ നേടിയ ചാഡ് വിക്ക് വാള്‍ട്ടണിന്റേയും, റെസ്സി വാന്‍ഡര്‍ ഡസന്റേയും ബാറ്റിംഗാണ് ഗെയിലിനും സംഘത്തിനും തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ടൊറന്റോയ്ക്ക് വേണ്ടി റോഡ്രിഗോ തോമസ്, ഹെന്റിച്ച് ക്ലാസന്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച വെച്ചു. തുടക്കത്തില്‍ ഏകദിന വേഗതയിലായിരുന്ന ടൊറന്റോ ഇന്നിംഗ്സിനെ അവസാന ഓവറുകളില്‍ ക്ലാസനും, പൊള്ളാര്‍ഡും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ക്ലാസന് 20 പന്തില്‍ 41 റണ്‍സെടുത്ത് പുറത്തായപ്പോള്‍, പൊള്ളാര്‍ഡ് 13 പന്തില്‍ 30 റണ്‍സുമെടുത്ത് അവസാനം വരെ ക്രീസില്‍ തുടര്‍ന്നു. ക്രീസില്‍ താളം കണ്ടെത്താനാവാതെ വിഷമിച്ച നായകന് യുവരാജ് 14 റണ്‍സെടുത്ത് പുറത്തായി. 27 പന്തുകള്‍ നേരിട്ടാണ് യുവരാജ് 14 റണ്‍സെടുത്തത്. സ്റ്റമ്പിങിലൂടെയാണ് പുറത്തായതെങ്കിലും യുവരാജ് ഔട്ടായിരുന്നില്ല. എന്നിട്ടും അമ്പയറുടെ തീരുമാനത്തിന് കാത്തു നില്‍ക്കാതെ യുവി ക്രീസ് വിടുകയായിരുന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്ന വാന്‍കൂവറിന് സ്കോര്‍ ബോര്‍ഡില്‍ 36 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ക്രിസ് ഗെയിലിന്റേയും, ടൊബിയാസ് വിസയുടേയും വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചാഡ് വിക്ക് വാള്‍ട്ടണും, റെസ്സി വാന്‍ഡര്‍ ഡസനും ചേര്‍ന്ന് അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വാള്‍ട്ടണ്‍ 35 പന്തില്‍ 4 വീതം ബൗണ്ടറികളും സിക്സറുകളുമായി 59 റണ്‍സും, വാന്‍ഡര്‍ ഡസന്‍ 43 പന്തില്‍ 4 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 65 റണ്‍സ് നേടിയും പുറത്താകാതെ നിന്നു.