റാഞ്ചി: ലോകകപ്പില്‍ ഇന്ത്യ പുറത്തായതോടെ എല്ലാകുറ്റവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ തലയില്‍ വയച്ചുകെട്ടുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും.ധോനി എപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നതാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രാധാന ചര്‍ച്ചാവിഷയം.
ധോനിയില്‍ നിന്ന് ഇക്കാര്യത്തില്‍ എപ്പോള്‍ പ്രഖ്യാപനമുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകരടക്കം പലരും. ഇതിനിടെ ബി.സി.സി.ഐ പ്രതിനിധി ഈ വിഷയത്തില്‍ ധോനിയുമായി സംസാരിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കോ ബി.സി.സി.ഐക്കോ ധോനിയുടെ മനസില്‍ എന്താണുള്ളതെന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല.
എന്നാലിപ്പോഴിതാ ധോനി ഇനി ക്രിക്കറ്റില്‍ തുടര്ന്നുകളിക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നിലപാട്. ധോനിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച താന്‍ ധോനിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും കേശവ് ബാനര്‍ജി പറഞ്ഞു.
” ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ധോനിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോനി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം കൂടി ധോനി കളി തുടരണമെന്ന് ഞാന്‍ പറഞ്ഞു. ട്വന്റി 20 ലോകകപ്പിനു ശേഷം ധോനി വിരമിക്കുന്നതായിരിക്കും നല്ലതെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ അതിനെ എതിര്‍ത്തു. ആര് പിന്നെ ഈ വലിയ വീട് നോക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍, ഇത്രയും നാള് ഈ വലിയ കുടുംബത്തെ നോക്കിയ നിങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി അത് തുടര്‍ന്നൂടേയെന്ന് ഞാന്‍ ആവശ്യപ്പെട്ടു” കേശവ് ബാനര്‍ജി വ്യക്തമാക്കി.
അതേസമയം ജൂലായ് 19ന് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സെലക്ടര്‍മാര്‍. ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പര്യടനത്തില്‍ വിശ്രമം അനുവദിക്കുകയാകും സെലക്ടര്‍മാര്‍ ചെയ്യുക.