വിദ്യാര്‍ഥിക്ക് കുത്തേറ്റു; യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടും

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. ബി.എ.പൊളിറ്റിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കുത്തേറ്റ അഖില്‍.

കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.

അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്. എന്നാല്‍ മുറിവിന്റെ ആഴം അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അഖിലിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു. എസ്.എഫ്.ഐ.പ്രവര്‍ത്തകരാണ് കുത്തിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇതിന് പിന്നാലെ കോളേജിലെ എസ്.എഫ്.ഐ.യൂണിറ്റിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചു.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ.യൂണിറ്റ് പിരിച്ചു വിടുമെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പിരിച്ചുവിടുന്നതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു പ്രതികരിച്ചു.

വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിടുന്നത്. ബാക്കികാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് സംഘടനാപരമായി നടപടിയെടുക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്യാമ്പസിനകത്തെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനോ ഒഴുവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് യൂണിറ്റിനെതിരേ നടപടി. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് പിന്നീട് തീരുമാനിക്കും.- വി.പി.സാനു പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7