പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. കിങ്സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചതോടെ നൈറ്റ് റൈഡേഴ്സ് അഞ്ചാം സ്ഥാനത്തെത്തി. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയ്ക്ക് 12 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള പഞ്ചാബ് ഏഴാമതാണ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

49 പന്തില്‍ പുറത്താവാതെ 65 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (9 പന്തില്‍ 21) പുറത്താവാതെ നിന്നു. ക്രിസ് ലിന്‍ (22 പന്തില്‍ 46), റോബിന്‍ ഉത്തപ്പ (14 പന്തില്‍ 22), ആ്രേന്ദ റസ്സല്‍ (14 പന്തില്‍ 24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രണ്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിന്നു ഗില്ലിന്റെ ഇന്നിങ്സ്.

നേരത്തെ, 24 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്ത സാം കറനാണ് പഞ്ചാബിന്റെ സ്‌കോര്‍ 180 കടത്തിയത്. നിക്കോളാസ് പുറന്‍ 27 പന്തില്‍ 48 റണ്‍സെടുത്തു. മലയാളി താരം സന്ദീപ് വാര്യറുടെ രണ്ട് വിക്കറ്റ് പ്രകടനം കൊല്‍ത്തയ്ക്ക് ഗുണമായി.

അപകടകാരികളായ കെ.എല്‍ രാഹുല്‍ (7 പന്തില്‍ 2), ക്രിസ് ഗെയ്ല്‍ (14 പന്തില്‍ 14) എന്നിവരെ തുടക്കത്തില്‍ തന്നെ സന്ദീപ് പറഞ്ഞയച്ചു. പിന്നീട് ഒത്തിച്ചേര്‍ന്ന മായങ്ക് അഗര്‍വാള്‍ (36) പുറന്‍ കൂട്ടുക്കെട്ടാണ് ആതിഥേയരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓറവുകളില്‍ കറന്‍ പുറത്തെടുത്ത പ്രകടനം കിങ്സ് ഇലവനെ 180 കടക്കാന്‍ സഹായിച്ചു. മന്‍ദീപ് സിങ് (25) റണ്‍സെടുത്തു. അശ്വിന്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. കറനൊപ്പം ആന്‍ഡ്ര്യൂ ടൈ (0) പുറത്താവാതെ നിന്നു.

സന്ദീപിന്റെ വിക്കറ്റുകള്‍ക്ക് പുറമെ ഹാരി ഗര്‍ണി, ആന്ദ്രേ റസ്സല്‍, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇനി എല്ലാ ടീമുകള്‍ക്കും ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7