ഐപിഎല്ലില്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടര്‍ച്ചയായി ആറാം മത്സരവും തോറ്റതിന് പിന്നാലെ പ്രത്യേക ആവശ്യവുമായി മുന്‍ ഇംഗ്ലീഷ് നായകന് മൈക്കല്‍ വോണ്‍. ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് നായകന് വിരാട് കോലിക്ക് ഇന്ത്യ വിശ്രമം അനുവദിക്കണമെന്ന് വോണ്‍ ആവശ്യപ്പെട്ടു.
‘ഇന്ത്യന്‍ ക്രിക്കറ്റ് സ്മാര്‍ട്ട് ആണെങ്കില്‍ ഇപ്പോള്‍ കോലിക്ക് വിശ്രമം അനുവദിക്കും. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന് മുന്‍പ് കോലിക്ക് വിശ്രമം നല്‍കണമെന്നും’ വോണ്‍ ട്വീറ്റ് ചെയ്തു.
ബാറ്റിംഗില്‍ തിളങ്ങുമ്പോളും നായകനായി കോലിക്ക് തിളങ്ങാനാകുന്നില്ല. ഡല്‍ഹി കാപിറ്റല്‍സിനോട് നാല് വിക്കറ്റിന് ഇന്ന് ബാംഗ്ലൂര്‍ തോറ്റു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കേ ഡല്‍ഹി സ്വന്തമാക്കി. അര്‍ദ്ധ സെഞ്ചുറി നേടിയ ശ്രേയസും(67) നാല് വിക്കറ്റുമായി റബാഡയുമാണ് വിജയശില്പികള്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുത്തു. വിരാട് കോലിയാണ്(41) ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍.