ഇനി വെടിക്കെട്ടിന്റെ രാത്രികള്‍…!!! ഐപില്‍ 12ാം സീസണ് ഇന്ന് തുടക്കം

ചെന്നൈ: ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാന്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉദ്ഘാടന മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റോഡിയത്തിലാണ് മത്സരം. ഏകദിന ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ധോണിപ്പട കിരീടം നിലനിര്‍ത്താനിറങ്ങുന്‌പോള്‍ പലപ്പോഴും വഴുതിപ്പോയ ചാന്പ്യന്‍പട്ടത്തിനായി കൊതിച്ചാണ് കോലിയും സംഘവും ഇറങ്ങുന്നത്.

മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്‌സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്‌നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. താരതമ്യേന ദുര്‍ബലമായ ബൗളിംഗ് നിരയില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡി പരിക്കേറ്റ് പിന്‍മാറിയതാണ് ചെന്നൈ സംഘത്തിന് ക്ഷീണമായിരിക്കുന്നത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ധോണിയും കുട്ടികളും എല്ലാ സീസണിലും പ്ലേഓഫിലും എത്തി. സൂപ്പര്‍ താരങ്ങള്‍ ഏറെ വന്നിട്ടും പോയിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ്. ഈ ചീത്തപ്പേര് മാറ്റുകയാണ് കോലിയുടെയും സംഘത്തിന്റേയും ലക്ഷ്യം.

കോലിഡിവിലിയേഴ്‌സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആര്‍സിബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹല്‍, ഹെറ്റ്‌മെയര്‍, ശിവം ദുബേ , വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരുടെ പ്രകടനവും നിര്‍ണായകമാവും. നേര്‍ക്കുനേര്‍ പോരില്‍ ചെന്നൈയ്ക്കാണ് മുന്‍തൂക്കം. ചെന്നൈ പതിനേഴ് കളിയില്‍ ജയിച്ചപ്പോള്‍ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7