ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാകിസ്താനില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി തീവ്രവാദത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപിച്ച് മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍.
ലോകത്തെ പ്രശസ്തമായ മാധ്യമങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കപില്‍സിബല്‍ പ്രധാനമന്ത്രിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
‘ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, റോയിറ്റേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും തന്നെ പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത് കാണുന്നില്ല മോദിജീ. നിങ്ങള്‍ തീവ്രവാദത്തെ രാഷ്ട്രീയവത്കരിക്കുകയല്ലേ ചെയ്യുന്നത്, ‘ അദ്ദേഹം തന്റെ ട്വീറ്റിലൂടെ ചോദിക്കുന്നു.
ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ സംവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെയാണ് കപില്‍സിബലും രംഗത്തെത്തിയത്.
അതേ സമയം ബാലാകോട്ടിലെ ആക്രമണത്തേക്കുറിച്ച് സര്‍ക്കാരും ബിജെപിയും ഔദ്യോഗിക സ്ഥിരീകരണം നല്‍കാത്ത സാഹചര്യത്തില്‍ പ്രത്യാക്രമണത്തില്‍ 250ലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് വിവാദമാകുകയാണ്. പാകിസ്താന് തിരിച്ചടി നല്‍കുകയോ ഒരാളെങ്കിലും കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മമതാബാനര്‍ജി രംഗത്തെത്തിയിരുന്നു.
ഞാന്‍ എന്റെ സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയാറാണെന്നും പക്ഷേ ലോകത്തിനെ വിശ്വസിപ്പിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്നും അതിനായി വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പി.ചിദംബരം തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.