വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്രയ്ക്ക് വന്‍ ജനപങ്കാളിത്തം; മറ്റു പാര്‍ട്ടിയില്‍നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

പാലക്കാട്: ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്ര ജയ് ഹോ പര്യടനം തുടരുന്നു. മണ്മറഞ്ഞ മഹാന്മാരുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി കൊടുവായൂരില്‍ നിന്നാണ് ജയ് ഹോയുടെ നാലാം ദിവസത്തെ യാത്ര ആരംഭിച്ചത്.

യാത്ര തുടങ്ങി നാല് ദിവസം പിന്നിടുമ്പോഴേക്കും നിരവധി ആളുകളാണ് മറ്റുപാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ഏറ്റവും ഒടുവില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജനതാദള്‍ നേതാവുമായ ശാന്തിയാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പും മെമ്പര്‍ സ്ഥാനവും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


ഓരോ ദിവസം കഴിയുന്തോറും പദയാത്രയില്‍ ജനപങ്കാളിത്തം കൂടുന്നത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. പുതുനഗരത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് യാത്രയ്ക്ക് നല്‍കിയത്.

പദയാത്രയിലും സ്വീകരണ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിനെക്കാള്‍ സ്ത്രീകളാണ് എത്തുന്നത്. കുംഭച്ചൂടിനെ പോലും വകവെക്കാതെ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നത് പദയാത്രയുടെ വന്‍വിജയമായാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. ജില്ലയില്‍ വന്‍ ചലനമുണ്ടാക്കാന്‍ പദയാത്രക്കായി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.

കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലന്‍ നയിച്ച പദയാത്രയെക്കാള്‍ വന്‍ വിജയമാകും വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര എന്ന് അണികള്‍ ഇപ്പോള്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

ഗ്രൂപ്പ് വ്യത്യാസം മറികടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനു പിന്നാലെ അണിനിരന്നതോടെ സിപിഎം നേതൃത്വവും അങ്കലാപ്പിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് പാലക്കാട്.

അന്ന് എംപി വീരേന്ദ്രകുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അന്ന് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. തനിക്ക് വേണ്ട സഹകരണം ലഭ്യമായില്ല എന്ന് വീരേന്ദ്രകുമാര്‍ തോല്‍വിയ്ക്ക് ശേഷം പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തവണ ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയായാല്‍ കഴിഞ്ഞതവണ എം ബി രാജേഷ് അനായാസവിജയം കൊയ്ത പാലക്കാട്ട് കടുത്ത മല്‍സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വികെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര 25 ദിവസം കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പര്യടനം നടത്തും. 361 കിലോമീറ്ററാണ് സഞ്ചരിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7