പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഓസ്ട്രേലിയ പിടിമുറുക്കുന്നു. സെഞ്ചുറി നേടിയ വിരാട് കോലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് ഷമിയെ നഥാന്‍ ലിയോണും മടക്കിയതോടെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഏഴിന് 252 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
14 റണ്‍സുമായി റിഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മയുമാണ് ക്രീസില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാള്‍ 74 റണ്‍സ് പിറകിലാണ് ഇപ്പോള്‍ ഇന്ത്യ.
257 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടെ 123 റണ്‍സെടുത്ത കോലിയെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് പിടികൂടുകയായിരുന്നു. പന്ത് നിലത്ത് മുട്ടിയെന്ന സംശയത്തെ തുടര്‍ന്ന് തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടുകയായിരുന്നു. റീപ്ലേകളില്‍ പന്ത് നിലത്ത് മുട്ടിയിട്ടില്ലെന്ന് തെളിഞ്ഞു.
81ാം ഓവറിലെ രണ്ടാം പന്തില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തിയാണ് കോലി തന്റെ 25-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. ഈ സെഞ്ചുറിയോടെ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും കോലിക്ക് കഴിഞ്ഞു. 216 പന്തുകളില്‍ നിന്നാണ് കോലി സെഞ്ചുറി തികച്ചത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ കോലി രണ്ടാമതെത്തി. 127-ാം ഇന്നിങ്സിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. വെറും 68 ഇന്നിങ്സുകളില്‍ നിന്ന് 25 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്.
20 റണ്‍സെടുത്ത ഹനുമ വിഹാരിയാണ് ഇന്ന് പുറത്തായ മറ്റൊരു താരം. ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. അഞ്ചാം വിക്കറ്റില്‍ കോലിക്കൊപ്പം 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വിഹാരി പുറത്തായത്. മൂന്നാം ദിനത്തിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നഥാന്‍ ലിയോണിന്റെ പന്തില്‍ ടിം പെയ്ന്‍ പിടിച്ചാണ് രഹാനെ പുറത്തായത്. ഇന്ന് വെറും രണ്ട് പന്തുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേരിടാനായത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 91 റണ്‍സ് ചേര്‍ത്താണ് രഹാനെ പുറത്തായത്.
ഓസീസിന്റെ ആദ്യ ഇന്നിങ്സ് സ്‌കോറായ 326 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്.
രണ്ടാം ദിനത്തിലെ മൂന്നാം ഓവറില്‍ തന്നെ മുരളി വിജയിയെ നഷ്ടപ്പെട്ടഇന്ത്യക്ക് ആറാം ഓവറില്‍ കെ.എല്‍ രാഹുലിനേയും നഷ്ടമായി. വിജയ് അക്കൗണ്ട് തുറക്കും മുമ്പു് ക്രീസ് വിട്ടപ്പോള്‍ രണ്ട് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് പൂജാര ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. എന്നാല്‍ 24 റണ്‍സിലെത്തി നില്‍ക്കെ പൂജാരയും പുറത്തായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ വിരാട് കോലിയും രഹാനെ ഒത്തുചേരുകയായിരുന്നു.
ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെയാണ് ഇന്ത്യ പെര്‍ത്തില്‍ കളിക്കുന്നത്. പരിക്കേറ്റ അശ്വിന് പകരം ഉമേഷ് യാദവ് ടീമിലെത്തി. ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. സ്പിന്നറെ കൂടാതെ ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റുമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ജൊഹാനസ്ബര്‍ഗ് ടെസ്റ്റിലും ഇന്ത്യ സ്പിന്നറെ കൂടാതെയാണ് ഇറങ്ങിയത്