ഇങ്ങനെ പോയാല്‍ ഒഴിഞ്ഞ ഗാലറിയയില്‍ കളിക്കേണ്ടിവരുമെന്ന് ബ്ലാസ്റ്റേഴ്‌സിനോട് മഞ്ഞപ്പട!

കൊച്ചി:ഇങ്ങനെ പോയാല്‍ ഒഴിഞ്ഞ ഗാലറിയയില്‍ കളിക്കേണ്ടിവരുമെന്ന് ബ്ലാസ്റ്റേഴ്‌സിനോട് മഞ്ഞപ്പട. ഐഎസ്എല്‍ അഞ്ചാം സീസണില്‍ സമനിലക്കുരുക്കില്‍ വീണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മഞ്ഞപ്പട ആരാധകര്‍ ഒട്ടും തൃപ്തരല്ല. ആരും ടീമിനേക്കാള്‍ വലുതല്ലെന്ന് പരിശീലകനെതിരെ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റിന് മഞ്ഞപ്പട നേരത്തെ കത്തയച്ചിരുന്നു. ക്ലബിന്റെ മോശം പ്രകടനത്തിലുള്ള ആരാധകരുടെ ഈ അതൃപ്തി കൂടുതല്‍ വ്യക്തമാകുന്ന സംഭവങ്ങളാണ് മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജില്‍ അരങ്ങേറുന്നത്.
നാലാം തിയതി ജെംഷഡ്പൂരിനെതിരെ നടക്കുന്ന ഹോം മാച്ച് കാണാന്‍ നിങ്ങള്‍ പോകുമോ എന്ന് ചോദിച്ച് മഞ്ഞപ്പട ആരാധകര്‍ ഫേസ്ബുക്കില്‍ പോള്‍ സംഘടിപ്പിച്ചു. വോട്ട് ചെയ്തവരില്‍ 84 ശതമാനം പേരും കളി ബഹിഷ്‌കരിക്കും എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ ജെംഷഡ്പൂരിനെതിരായ മത്സരത്തില്‍ മഞ്ഞപ്പടയുടെ ഗാലറി നിറയില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്.
വോട്ടെടുപ്പിന് പിന്നാലെ വിശദീകരണ പോസ്റ്റുമായി മഞ്ഞപ്പട രംഗത്തെത്തി. ‘മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ ഒരു താക്കീതായി വേണം വോട്ടെടുപ്പിനെ കാണാന്‍. ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ പരിഹരിച്ചു മുന്നോട്ടുപോകാന്‍ ആയില്ലെങ്കില്‍ വരുംനാളുകളില്‍ ഒഴിഞ്ഞ ഗാലറികളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. കോച്ചിന്റെ ലോങ് ബോള്‍ ടാക്ടിക്‌സ് കാണാന്‍ വേണ്ടിയല്ല ഞങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് വരുന്നതെന്നും’ ഡേവിഡ് ജെയിംസിനെ ലക്ഷ്യംവെച്ച് മഞ്ഞപ്പട കുറിച്ചു.

മ!ഞ്ഞപ്പടയുടെ കുറിപ്പ് ഇങ്ങനെ…

‘കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനങ്ങള്‍ കണ്ടു വിഷമിച്ചിരിക്കുന്ന ഈ അവസരത്തില്‍ മഞ്ഞപ്പട ആരാധകര്‍ക്കിടയില്‍ ഒരു വോട്ടിംഗ് നടത്തുകയുണ്ടായി.

അടുത്ത ഹോം മാച്ചില്‍ നമ്മള്‍ കളി കാണാന്‍ പോകണമോ വേണ്ടയോ എന്നതായിരുന്നു ചോദ്യം. ഞങ്ങള്‍ പ്രതീഷിച്ചതിനെക്കാളേറെ പ്രതികരണങ്ങള്‍ ആരാധകരുടെ ഭാഗത്തു നിന്ന് ലഭിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ ഒരു താക്കീതായി വേണം ഇതിനെ കാണാന്‍. ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ പരിഹരിച്ചു മുന്നോട്ടു പോകാന്‍ നിങ്ങള്‍ക്കായില്ലെങ്കില്‍ വരും നാളുകളില്‍ ഒഴിഞ്ഞ ഗാലറികളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. ഓരോ മത്സരങ്ങള്‍ കഴിയുന്തോറും ടീമിനെ കുറിച്ചുള്ള മതിപ്പു പതിയെ പതിയെ ആരാധകര്‍ക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സ്‌റ്റേഡിയം തിങ്ങി നിറഞ്ഞു കാണികള്‍ വരുന്നത് നല്ല മത്സരങ്ങള്‍ കാണാനുള്ള അവരുടെ അടങ്ങാത്ത ആവേശം ഒന്നുകൊണ്ട് മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഈ ശക്തമായ ആരാധക കൂട്ടായ്മയെ മുതലെടുത്തുകൊണ്ടു മാനേജ്‌മെന്റിന്റേതായ കാര്യങ്ങള്‍ നടത്തുക മാത്രമാണ്. ഫുട്‌ബോള്‍ എന്ന മന്ത്രികതയോടുള്ള സ്‌നേഹവും അടങ്ങാത്ത ആവേശവും ഒക്കെയാണ് ഈ ആരാധകരെ ഒന്നിച്ചു നിര്‍ത്തുന്നത്. ഇപ്പോഴുള്ള രീതി തുടരാന്‍ തന്നെയാണ് തീരുമാനം എങ്കില്‍ ടീമിന്റെ ജയത്തിലും തോല്‍വിയിലും ‘നമ്മള്‍ക്ക് നമ്മളുണ്ട് ‘ എന്ന ആപ്തവാക്യത്തില്‍ ഉറച്ചു നിന്ന അതെ ഫാന്‍സ് തന്നെ ടീമിനെ തിരിഞ്ഞു നോക്കാത്ത അവസ്ഥ അധികം വൈകാതെ സംജാതമാകും.ഒഴിഞ്ഞ ഗാലറികള്‍ തന്നെ വേണം എന്നാണ് നിങ്ങളുടെ കാഴ്ചപ്പാടെങ്കില്‍ അത് അധികം വൈകാതെ സംഭവിക്കും. കോച്ചിന്റെ ലോങ് ബോള്‍ ടാക്ടിക്‌സ് കാണാന്‍ വേണ്ടിയല്ല ഞങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് വരുന്നത്. ഇതിനു മുകളില്‍ ഒന്നുംതന്നെ അദ്ദേഹത്തിന്റെ പക്കലില്ല എന്ന് ഇതുവരെയുള്ള കളികളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഈ സീസണില്‍ കുറച്ചു നല്ല താരങ്ങളെ നമുക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കഴിവുകള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി ഉണ്ടാകും എന്ന വിശ്വാസവും ഞങ്ങള്‍ക്കില്ല. നിങ്ങള്‍ ചെയ്യേണ്ടത് എത്രയും വേഗം ചെയ്താല്‍ അത്രയും നല്ലത്. ഇല്ലെങ്കില്‍ ഒഴിഞ്ഞ ഗാലറികളില്‍ കളിക്കേണ്ട ഗതികേട് അടുത്ത് തന്നെ സംഭവിക്കും’.

ക്ലബിനോടുള്ള അടങ്ങാത്ത സ്‌നേഹത്തോടെ,
മഞ്ഞപ്പട

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7