ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കില്ല; പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി , സര്‍വ്വകക്ഷിയോഗം പ്രഹസനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് മുന്‍വിധി ഉണ്ടായിരുന്നില്ല. സര്‍ക്കാരിന് ദുര്‍വാശിയില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക ദിവസങ്ങളില്‍ യുവതീ പ്രവേശനം സാധ്യമാകുമോയെന്ന് ചര്‍ച്ച ചെയ്യും.ഇക്കാര്യം തന്ത്രിയുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയമായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിയത്.സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് പിടിവാശിയാണ്. സാവകാശം തേടണം. ശബരിമലയില്‍ പ്രശ്‌നം പരിഹരിക്കാനുള്ള അവസരം സര്‍ക്കാര്‍ കളഞ്ഞു കുളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
‘ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. സര്‍ക്കാര്‍ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാന്‍ സാവകാശഹര്‍ജി നല്‍കണം എന്നതായിരുന്നു, രണ്ട് വിധി നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഐഎമ്മും പ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കാന്‍ ഒത്തു കളിയ്ക്കുകയാണ്.’ ചെന്നിത്തല സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിനോട് രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് മുഖ്യമന്ത്രി നിഷേധിച്ചു. വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടണമെന്നും ജനുവരി 22 വരെ വിധി നടപ്പാക്കുന്നതു നിര്‍ത്തണമെന്നുമാണ് ആവശ്യപ്പെട്ടത്. സര്‍വകക്ഷി യോഗം പ്രഹസനമായിരുന്നു. സമവായത്തിനുള്ള ഒരുനീക്കവും ഉണ്ടായില്ല. ഇനി എന്തു പ്രശ്‌നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കയ്യാങ്കളിക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
രൂക്ഷവിമര്‍ശനമാണ് ബിജെപിയും കോണ്‍ഗ്രസും സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള യോഗത്തില്‍ ആരോപിച്ചു. വിധി നടപ്പാക്കാന്‍ സാവകാശം തേടിയുള്ള ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമപരമായ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിയമമന്ത്രി എ.കെ.ബാലന്‍ പങ്കെടുത്തില്ല. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ വിട്ടുവീഴ്ച വേണമെന്ന തരത്തില്‍ പ്രസ്താവന നടത്തിയതു കൊണ്ടാണ് എ.കെ.ബാലനെ യോഗത്തിലേയ്ക്ക് ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം 11 മണിയ്ക്കാണ് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടന്നത്.
പന്തളം തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ച ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സര്‍വ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബത്തിന്റെയും, പന്തളം കൊട്ടാരത്തിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7