കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യുട്ടീവ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ നടക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപ് വിഷയം നിര്‍ണായക ചര്‍ച്ചയാകും എന്നാണ് സൂചന. പ്രളയാനന്തരം കേരള പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി സ്റ്റേജ്ഷോ നടത്താന്‍ താരസംഘടന തീരുമാനിച്ചിട്ടുണ്ട്. ഇതാണ് യോഗത്തിലെ പ്രധാന അജണ്ട. അതേസമയം ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ നല്കിയ കത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.
കൊച്ചിയില്‍ അമ്മ ഭാരവാഹികളുമായി മൂന്ന് നടിമാരും നേരത്തെ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ തീരുമാനമായിരുന്നില്ല. രണ്ട് തവണയാണ് ഈകാര്യം ഓര്‍മിപ്പിച്ച് നടിമാര്‍ അമ്മ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയത്. നടിമാര്‍ ഉന്നയിച്ച ആവശ്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം മറുപടി പറയാമെന്നാണ് അമ്മ നേതൃത്ത്വം അറിയിച്ചിരുന്നത്. ഈ വിഷയത്തില്‍ യോഗത്തില്‍ അമ്മ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.
അതേസമയം യോഗത്തിനു മുന്‍പ് ഇന്നലെ രാത്രിയില്‍ കൊച്ചിയിലെ സിനിമാ രംഗത്ത് തിരക്കിട്ട ചില നീക്കങ്ങളും നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദിലീപിനെതിരെ വനിതാ താരങ്ങളെ അണിനിരത്താന്‍ മൂവര്‍ സംഘം ശ്രമം നടത്തിയിട്ടുണ്ട്. ഇതിനിടെ നടിമാരുടെ പരാതി പൊളിച്ചടുക്കാന്‍ ദിലീപും സംഘവും താരങ്ങളെ കൈയിലെടുക്കാനും ശ്രമം നടന്നു.
വിഷയം ചര്‍ച്ചയ്ക്ക് വന്നാല്‍ ദിലീപിന് അനുകൂലമായി തീരുമാനം കൈക്കൊള്ളാനാണ് ഭാരവാഹികള്‍ ആലോചിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ദിലീപിന് എതിരായി നിലപാട് സ്വീകരിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ചര്‍ച്ചാ വേളയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്നും സൂചനയുണ്ട്.