ഇന്ത്യന്‍ ടീമില്‍നിന്ന് കരുണ്‍ നായരെ ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് നിന്നാണ് യുവതാരം കരുണ്‍ നായരെ ഒഴിവാക്കിയത്. കരുണിനെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കേണ്ട ആള്‍ താനല്ലെന്ന് കോഹ്‌ലി പറഞ്ഞു. എല്ലാവരും കരുതുന്നതുപോലെ ഇതുപോലുള്ള കാര്യങ്ങളില്‍ തീരുമാനങ്ങളെല്ലാം ഒരാള്‍ മാത്രമല്ല എടുക്കുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി. കരുണിനെ ഒഴിവാക്കിയതിനെതിരേ മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ക്യാപ്റ്റനും ടീം മാനേജ്‌മെന്റിനും ടീം തിരഞ്ഞെടുപ്പില്‍ പങ്കുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും കോഹ്‌ലി തള്ളിക്കളഞ്ഞു. ടീം തിരഞ്ഞെടുപ്പ് എല്ലാവരും കൂടി ചേര്‍ന്നു നടത്തുന്ന ഒന്നാണെന്നു കരുതരുത്. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളെല്ലാം സംഭവിക്കുന്നത് ഒരു സ്ഥലത്തുനിന്നു മാത്രമാണെന്ന് ഒരു കാഴ്ചപ്പാട് ആളുകള്‍ക്കുണ്ട്. അതു ശരിയല്ല കോഹ്‌ലി പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും കരുണിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ കരുണിനെ പിന്തുണച്ചും സെലക്ടര്‍മാരെയും ടീം മാനേജ്‌മെന്റിനെയും വിമര്‍ശിച്ചും മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. ഹര്‍ഭജന്‍ സിങ്, സുനില്‍ ജോഷി, ദിലീപ് വെങ്‌സര്‍ക്കാര്‍ തുടങ്ങിയവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയ മുന്‍ താരങ്ങള്‍. ടീം മാനേജ്‌മെന്റിന് കരുണിലുള്ള താല്‍പര്യക്കുറവാണ് അവസരം കിട്ടാത്തതിനു പിന്നിലെന്നും ആരോപണം ഉയര്‍ന്നു.
‘ഈ വിഷയത്തില്‍ സെലക്ടര്‍മാര്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. അതേക്കുറിച്ചു പറയാന്‍ ഞാന്‍ ആളുമല്ല. സെലക്ടര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടല്ലോ. ഇക്കാര്യത്തില്‍ കൂട്ടായി പ്രവര്‍ത്തിച്ച് തീരുമാനം കൈക്കൊള്ളുകയും പുറത്തുള്ളവര്‍ എന്തു പറയുന്നുവെന്ന് ശ്രദ്ധിക്കാതിരിക്കുകയുമാണ് ചെയ്യാനുള്ളത്’ കോഹ്‌ലി പറഞ്ഞു.
ഒരു വിഷയത്തേക്കുറിച്ച് നേരത്തെ വിശദീകരണം ലഭിച്ചതാണെങ്കില്‍ ആ വിഷയം വീണ്ടും ചോദിക്കുന്നതില്‍ എന്തു കാര്യമാണുള്ളതെന്നും കോഹ്‌ലി ചോദിച്ചു. കരുണിനെ ഒഴിവാക്കിയതിനെക്കുറിച്ച് സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നേരത്തേതന്നെ സംസാരിച്ചു കഴിഞ്ഞതാണെന്നാണ് എന്റെ അറിവ്. ഇതേക്കുറിച്ച് ഞാന്‍ വീണ്ടും സംസാരിക്കണമെന്ന് കരുതുന്നില്ല’ – കോഹ്‌ലി പറഞ്ഞു.
ടീമിനെ തിരഞ്ഞെടുക്കുന്നത് എന്റെ ജോലിയല്ല. ഒരു ടീമെന്ന നിലയില്‍ ഞങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന കടമ നിറവേറ്റാനാണ് ശ്രമം. ടീമിലെ ഓരോരുത്തര്‍ക്കും അവരുടെ കടമകളേക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി.