ആദ്യം സ്വന്തം ഫോണ്‍ ഉപേക്ഷിക്കുന്നത് കാണട്ടെ; മൊബൈല്‍ ഫോണിന് നിയന്ത്രണമേര്‍പ്പെടുത്താനാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആളോട് കോടതി പറഞ്ഞത്…

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് ജനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ ആളോട് ആദ്യം സ്വന്തം ഫോണുപയോഗം നിയന്ത്രിക്കാന്‍ നിര്‍ദേശം. മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ടുള്ള ഹാനികരമായ സാധ്യതകളെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ച രാജേന്ദ്ര ദിവാനാനോടാണ് ഫോണ്‍ ഉപേക്ഷിക്കാനാവുമോയെന്ന് കോടതി ആരാഞ്ഞത്.

പൊതുതാല്‍പര്യഹര്‍ജിയായാണ് ദിവാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. മൊബൈല്‍ ഫോണുപയോഗം കുട്ടികളിലും ഗര്‍ഭിണികളിലും മറ്റുള്ളവരിലും ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അതു കൊണ്ടു തന്നെ ഉപയോഗം നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഇടപെട്ടാല്‍ മാത്രമേ ഫോണുപയോഗത്തില്‍ നിയന്ത്രണം വരുത്താന്‍ സാധിക്കുകയുള്ളുവെന്നും ദിവാന്‍ കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍, ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായുള്ള ബെഞ്ച് പരാതിക്കാരന്‍ ഫോണ്‍ ഉപയോഗം ഉപേക്ഷിക്കാന്‍ തയ്യാറാണോ എന്നറിയിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം പരാതിക്കാരന്‍ ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെയെന്നും കോടതി നിര്‍ദേശിച്ചു. അതിനു ശേഷം ഹര്‍ജിയിലാവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. തീരുമാനമറിയിക്കാന്‍ രാജേന്ദ്ര ദിവാന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ച് ഉത്തരവ് നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7