മമ്തയ്ക്ക് വ്യക്തമായ മറുപടി നല്‍കി റിമ കല്ലിങ്കല്‍

കൊച്ചി: സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയെന്ന നടി മംമ്ത മോഹന്‍ദാസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടിയും ഡബ്ല്യു.സി.സി അംഗവുമായ റിമ കല്ലിങ്കല്‍. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ ഒരിക്കലും അവരെല്ലെന്നും മറിച്ച് അത് ചെയ്തവരും അവരെ പിന്തുണയ്ക്കുന്ന സമൂഹവും അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന ലോകവുമാണെന്നും റിമ കല്ലിംഗല്‍ പറയുന്നു.

”പ്രിയപ്പെട്ട മംമ്ത മോഹന്‍ദാസ് ജീവിതത്തില്‍ പീഡനങ്ങളും ബലാത്സംഗങ്ങളും ഉപദ്രവങ്ങളും സഹിച്ച് മുന്നോട്ട് പോകുന്ന എന്റെ സഹോദരികളേ, സഹോദരന്‍മാരേ, എല്‍.ജി.ബി.ടി വിഭാഗത്തില്‍പ്പെടുന്നവരേ..

വഞ്ചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെടുന്നതിന്റേയും കാരണക്കാര്‍ ഒരിക്കലും നിങ്ങളല്ല. മറിച്ച് നിങ്ങളെ ബലാത്സംഗത്തിനിരയാക്കിയവരും പീഡിപ്പിച്ചവരും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചവരുമാണ്.

ഈ തെറ്റുകളെയെല്ലാം നിസ്സാരവത്ക്കരിക്കുന്ന ഒരു സമൂഹവും ഇതിന് ഉത്തരവാദികളാണ്. തെറ്റുകാരെ സംരക്ഷിക്കുന്ന ലോകവും അതിന് ഉത്തരവാദികളാണ്. അലി റെയ്സ്മാന്‍ (താനുള്‍പ്പെടെയുള്ള 141 വനിതാ കായിക താരങ്ങളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ഡോക്ടര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചവള്‍.വര്‍ഷങ്ങളായുള്ള പീഡനം അവസാനിപ്പിച്ചവള്‍) അവരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘

നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ അലയടികള്‍ അല്ലെങ്കില്‍ നിഷ്‌ക്രിയത്വം അത് വളരെ വലുതായിരിക്കും. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതായിരിക്കും. മറ്റൊരു വ്യക്തിയുടെ പ്രവൃത്തികളെ ഒരിക്കലും കുറ്റപ്പെടുത്തരുത്. സംസാരിച്ചുകൊണ്ടേയിരിക്കുക. ഓരോരുത്തര്‍ക്കുവേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും..നിശ്ബദതയുടേയും അജ്ഞതയുടേയും മതിലുകള്‍ തകര്‍ക്കുക..”- എന്നായിരുന്നു റിമ കല്ലിംഗലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്ത്രീകള്‍ക്ക് മാത്രമായി ഡബ്ല്യൂ.സി.സി എന്ന ഒരു സംഘടന രൂപീകരിച്ചതു കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്നുമായിരുന്നു നടി മംമ്ത മോഹന്‍ദാസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സുന്ദരിയായ സ്വയം തന്നെക്കുറിച്ച് ബോധ്യമുള്ള സ്വതന്ത്രമായ ഒരു സ്ത്രീക്ക് തനിയെ അതിജീവിക്കാനും നിലകൊള്ളാനും ബുദ്ധിമുട്ടാണ്. അവരെ വെല്ലുവിളിക്കാന്‍ സമൂഹത്തിന് ഇഷ്ടമാണ് എന്നാണ് മനസിലാക്കുന്നത്. ഇത്തരത്തില്‍ സുന്ദരികളായ സ്ത്രീകളാണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. വേറൊന്നും ഉദ്ദേശിച്ചല്ല ഇത് പറയുന്നത്. ആര്‍ക്കും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. എന്നുമായിരുന്നു മംമ്ത പറഞ്ഞത്.

താന്‍ ഡബ്ല്യൂ.സി.സിയില്‍ അംഗമല്ല. ഈ സംഘടന രൂപീകരിക്കുന്ന സമയത്ത് ഞാന്‍ ഇവിടെയുണ്ടായിരുന്നില്ലെന്നും
രൂപീകരണ സമയത്ത് ഇവിടെയുണ്ടായിരുന്നാലും ഒരു പക്ഷെ ആ സംഘടനയില്‍ ചേരാന്‍ തയ്യാറാവുമായിരുന്നില്ലെന്നും മംമ്ത പറഞ്ഞിരുന്നു.

സംഘടനയ്ക്ക് താന്‍ ഒരിക്കലും എതിരല്ല. എന്നാല്‍ ഇപ്പോള്‍ അതേപ്പറ്റി വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മംമ്ത അഭിപ്രായപ്പെട്ടിരുന്നു. ഡബ്ല്യു.സി.സിയില്‍ അംഗമാകാന്‍ മംമ്ത ആഗ്രഹിക്കുന്നില്ലെന്ന വാര്‍ത്തകള്‍ ഇതിനു മുമ്പ് പുറത്തുവന്നിരുന്നു. താനൊരിക്കലും ഡബ്ല്യു.സി.സിയ്‌ക്കെതിരായി സംസാരിച്ചിട്ടില്ല. നടിആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.

സംഭവത്തെപ്പറ്റി എന്റെ അറിവിലുള്ള കാര്യങ്ങള്‍ അന്ന് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങളും മറ്റ് വിവാദങ്ങളും നേരത്തേ പരിഹരിക്കപ്പെട്ടതാണ്. ഇതില്‍ നിന്നും ആക്രമണത്തിന്റെ കാരണങ്ങള്‍ നേരത്തേ തന്നെ ഉടലെടുത്തിരുന്നുവെന്നാണ് മംമ്ത പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7