വാക്ക് പാലിച്ച് കുമാരസ്വാമി, 34000കോടി കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളി കര്‍ണാടക സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ബെംഗളൂരു: കര്‍ഷക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച് കര്‍ണടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 34000 കോടി കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ബജറ്റ് അവതരണത്തില്‍ കുമാരസ്വാമി പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപവരെയുള്ള കര്‍ഷക കടങ്ങളാണ് എഴുതിത്തള്ളുന്നത്.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ എല്ലാ ജനക്ഷേമ പ്രവര്‍ത്തനങ്ങളും തുടരുമെന്നും കുമാരസ്വാമി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000രൂപവീതം നല്‍കാന്‍ 350 കോടി മാറ്റിവച്ചു.

കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളും എന്നതും ഗര്‍ഭിണികള്‍ക്കുള്ള ആനുകൂല്യവും ജെഡിഎസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. ആദ്യ ഘട്ടത്തില്‍ 2017 ഡിസംബര്‍ 31 വരെയുള്ള ലോണുകളാണ് എവുതിത്തള്ളുക. ഇതിനായി ഈ സാമ്പത്തിക വര്‍ഷം 6,500കോടി മാറ്റിവയ്ക്കും. ലോണ്‍ അടച്ചുതീര്‍ത്ത കര്‍ഷകര്‍ക്ക് ഇന്‍സ്റ്റന്റീവ് നല്‍കാനും തീരുമാനമായി.

വയോജന പെന്‍ഷന്‍ 600ല്‍ നിന്ന് 1000രൂപയായി വര്‍ധിപ്പിച്ചു. ഇതിനായി 660കോടി നീക്കിവച്ചു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ ജനപ്രീയ പദ്ധതിയായിരുന്ന സൗജന്യ അരി വിതരണ പദ്ധതിക്കൊപ്പം 500 ഗ്രാം ഡാല്‍, ഒരു കിലോ വീതം പാം ഓയില്‍,ഉപ്പ്,പഞ്ചസാര എന്നിവ സബ്സിഡി വിലയില്‍ നല്‍കും.

ജെഡിഎസിന്റെ ശക്തിമേഖലകളായ ദക്ഷിണ കന്നട മേഖലകയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുമാരസ്വാമിയുടെ മണ്ഡലമായ രാമനഗരയില്‍ പുതിയ മെഡിക്കല്‍ കോളജിന് അനുമതി നല്‍കി.

ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജലസേനത പദ്ധതികളിലേക്ക് 53,000 കോടി മാറ്റിവച്ചു. പെട്രോളിന്റെ ടാക്സ് 1.14 രൂപയായും ഡീസലിന്റെ ടാക്സ് 1.12രൂപയായും വര്‍ധിപ്പിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനാണ് വര്‍ധനവ് എന്നാണ് വിശദീകരണം. മദ്യത്തിന്റെ എക്സൈസ് തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7