മുംബൈ: പൂനയിലെ മായീര് എംഐടി സ്കൂള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമാകുന്നു. പെണ്‍കുട്ടികള്‍ ധരിക്കേണ്ട അടിവസ്ത്രങ്ങളുടെ നിറവും മറ്റു നിര്‍ദ്ദേശങ്ങളും കാണിച്ച് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരത്തിലാണ്.
അടിവസ്ത്രത്തിന്റെ നിറത്തിന് പുറമെ ധരിക്കുന്ന പാവാടയുടെ നീളത്തിന്റെ കാര്യവും ശുചിമുറി ഉപയോഗിക്കേണ്ട സമയത്തിന്റെ കാര്യവും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം വെളുപ്പോ ശരീരത്തിന്റെ നിറമോ ആകണമെന്നും പാവാടയുടെ നീളം ഇത്രയാകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പുറമെ കുട്ടികളെന്തെല്ലാമാണ് ധരിച്ചിരുന്നതെന്ന് മാതാപിതാക്കള്‍ സ്കൂള്‍ ഡയറിയില്‍ എഴുതി ഒപ്പിടണമെന്നുമാണ് സ്കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചുവെന്ന് ഒരു രക്ഷിതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഇതില്‍ വീഴ്ച വരുത്തുന്ന വിദ്യാര്‍ത്ഥിക്ക് ശിക്ഷനല്കുമെന്നും സ്കൂള്‍ തീരുമാനിച്ചിരുന്നുവെന്ന് പരാതിക്കാര്‍ അറിയിച്ചു. ഇത് കുട്ടികളെയും രക്ഷിതാക്കളേയും ബുദ്ധിമുട്ടിക്കാനുള്ള തീരുമാനമല്ലെന്നും ശുചിത്വത്തിന് വേണ്ടിയുള്ള നടപടിയാണെന്നും വ്യക്തമാക്കി സ്കൂള്‍ അധികൃതര്‍ രംഗത്തുവന്നു. ഇതില്‍ രഹസ്യ അജണ്ഡകള്‍ ഒന്നുമില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.