തിരുവനന്തപുരം: വിവാദങ്ങള്‍ തുടരുന്നതിനിടെ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ്.കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി.ജോസഫ് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. മുസ്ലീം ലീഗിനെ പ്രതികരിച്ച് എം.കെ.മുനീറും കെ.എന്‍.എ ഖാദറും എത്തിയിരുന്നു.
ജോസ്.കെ.മാണിയുടെ പിതാവും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ കെ.എം.മാണി പത്രിക സമര്‍പ്പിക്കാന്‍ എത്തിയില്ല. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാരില്‍ അന്‍വര്‍ സാദത്ത് മാത്രമാണ് പത്രികാസമര്‍പ്പണത്തിന് എത്തിയത്. അദ്ദേഹം വന്നയുടന്‍ തന്നെ മടങ്ങിപ്പോവുകയും ചെയ്തു. വി.ഡി.സതീശനും എത്തിയില്ല. നിയമസഭയില്‍ തിരക്കുകളുള്ളതിനാല്‍ എത്താന്‍ കഴിയാഞ്ഞതാവാമെന്ന് ന്യായീകരിച്ചാലും വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുവ എംഎല്‍എമാരുടെ അസാന്നിധ്യം ശ്രദ്ധേയമായി.
എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളായി എളമരം കരിം, ബിനോയ് വിശ്വം എന്നിവര്‍ രാവിലെയെത്തി പത്രിക സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍ മന്ത്രിമാര്‍, എംഎല്‍എ മാര്‍ നിയമസഭാകക്ഷി നേതാക്കള്‍ തുടങ്ങിയവക്കൊപ്പം എത്തിയാണ് ഇരുവരും നിയമസഭാ സെക്രട്ടറി വി.കെ ബാബു പ്രകാശിന് മുമ്പാകെ പത്രികകള്‍ സമര്‍പ്പിച്ചത്.