ക്യൂബെക്ക് സിറ്റി: ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതി തീരുവ വിഷയത്തിലാണ് ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയത്. ജി7 ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘നമുക്ക് ഇന്ത്യയുടെ കാര്യമെടുക്കാം. 100 ശതമാനമാണ് ചിലതിന് ഇന്ത്യ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയാകട്ടെ അങ്ങനെ ചെയ്യുന്നുമില്ല. അത് തുടരാനാകില്ല ട്രംപ് പറയുന്നു. നിരവധി രാജ്യങ്ങളോട് അധിക നികുതി ഈടാക്കുന്നതിനേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ പോവുകയാണെന്നും ട്രംപ് പറയുന്നു.
അമിത നികുതി ഈടാക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അവരുമായി വ്യാപാരം വേണ്ടെന്ന് വെക്കുമെന്നും അതാണ് ഇത്തരക്കാര്‍ക്കുള്ള ഉചിതമായ നടപടിയെന്നും ട്രംപ് വ്യക്തമാക്കി.
നീതിപൂര്വമല്ലാത്തവരോട് കച്ചവടം നടത്തുന്നത് നിര്‍ത്തണമെന്നും ട്രംപ് വ്യക്തമാക്കി. ആര്‍ക്കും കൊള്ളയടിക്കാന്‍ കഴിയുന്ന ഒരു ബാങ്കായി അമേരിക്ക മാറിയെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തെ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7 ഉച്ചകോടി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ ഉച്ചകോടിക്ക് സാധിച്ചിട്ടില്ല