മുംബൈ: പെട്രോള്‍, ഡീസല്‍ വര്‍ധനകൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളുടെ വയറ്റത്തടിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. പാചക വാതക വില കുത്തനെ കൂട്ടിയാണ് മോദി സര്‍ക്കാരിന്റെ ജനദ്രോഹനയം തുടരുന്നത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 48.50 രൂപ കൂട്ടി 688 രൂപയാണ് പുതുക്കിയ വില. വാണിജ്യ സിലിണ്ടറിന് 77.50 രൂപ കൂട്ടി 1229.50 രൂപയുമായി. സബ്സിഡിയുള്ളവര്‍ക്ക് 190.66 രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകും. ദിവസേനെയുണ്ടാകുന്ന ഇന്ധനവില വര്‍ധനയ്ക്കിടെയാണ് പാചകവാതകത്തിനും വില വര്‍ധിക്കുന്നത്.
ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവാതകത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്. സബ്സിഡി അക്കൗണ്ടില്‍ എത്തുന്നതിനാല്‍ 497.84 രൂപയായിട്ടാണ് കേരളത്തില്‍ വില വര്‍ധിക്കുന്നത്. സബ്സിഡിയുള്ള സിലിന്‍ഡറിന് ഡല്‍ഹിയില്‍ 493.55, കൊല്‍ക്കത്തയില്‍ 496.65, മുംബൈയില്‍ 491.31, ചെന്നൈയില്‍ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. മോദി സര്‍ക്കാരിനെതിരേ ജനങ്ങളുടെ അമര്‍ഷം വര്‍ധിക്കുന്നതിനിടെയാണ് പുതിയ തീരുമാനങ്ങള്‍.