കര്‍ണാടകയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി, 106 സീറ്റില്‍ ബിജെപിയും 74 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു

കര്‍ണാടക: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഒറ്റക്കക്ഷി, 106 സീറ്റുകളുമായാണ് ബിജെപി ലീഡ് ചെയ്യുന്നത്. നിലവില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട ലീഡ് ബിജെപിക്കില്ല. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ തൂക്കുസഭയ്ക്കാണ് സാധ്യത. കോണ്‍ഗ്രസ് 74 സീറ്റുകളിലും ജെഡിഎസ് 39 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.
കയ്യിലുള്ളതില്‍ പകുതിയോളം സീറ്റുകള്‍ കൈവിട്ട കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. ബിജെപിയാകട്ടെ മൈസൂര്‍ ഒഴികെ എല്ലാ മേഖകളിലും ആധിപത്യം നേടി. ഇതില്‍ മധ്യ കര്‍ണാടകത്തിലും ബോംബെ കര്‍ണാടകത്തിലും ബിജെപി തരംഗമാണ് കണ്ടത്. മൈസൂര്‍ മേഖലയില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടുവെങ്കിലും നേട്ടമുണ്ടാക്കിയത് ജെഡിഎസാണ്. 39 സീറ്റുകള്‍ നേടി ജെഡിഎസ് കരുത്ത് കാട്ടി.

രണ്ട് സീറ്റുകളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോറ്റത് പന്ത്രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്കാണ്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്തുകളും കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിയെ തുണച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുകയറ്റം ഏക്കാലത്തും വലിയ വെല്ലുവിളിയായിരുന്ന ബിജെപിക്ക് ആ ലക്ഷ്യവും ഒരിക്കല്‍കൂടി തുറന്നുകിട്ടിയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതകളിലൊന്ന്.

തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്നും ദക്ഷിണേന്ത്യയിലെ ബിജെപി മുന്നേറ്റത്തിന് തുടക്കമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ബിജെപി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. കര്‍ണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങി. ഗുജറാത്തില്‍ കരുത്ത് കാട്ടിയ രാഹുല്‍ ഗാന്ധിക്ക് കാര്‍ണാടകയിലെ തോല്‍വി വലിയ തിരിച്ചടിയുമാണ്. പെട്രോള്‍ വിലവര്‍ധനയും കാര്‍ഷിക പ്രശ്‌നങ്ങളും തൊഴില്‍ നഷ്ടവുമൊക്കെ ചര്‍ച്ചയാകുമ്പോഴും കര്‍ണാടകത്തില്‍ വിജയിക്കാനായി എന്നത് നരേന്ദ്ര മോദിക്ക് വലിയ ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നു.
222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമാണിത്. ബി.ജെ.പി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7