ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, സുനന്ദയുടേത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഈമാസം 24ന് വീണ്ടും വാദം കേള്‍ക്കും.
അതേസമയം യുക്തിക്കു നിരക്കാത്ത കുറ്റപത്രമാണു പൊലീസ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിനെ ശക്തമായിത്തന്നെ നേരിടുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. താന്‍ കാരണമാണ് ആത്മഹത്യയെന്നതു സുനന്ദയെ അറിയാവുന്ന ആരും വിശ്വസിക്കുകയില്ല. പൊലീസിന്റേത് അവിശ്വസനീയ നടപടിയാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
‘നാലു വര്‍ഷത്തിലേറെയെടുത്തു പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട് ഇതാണെങ്കില്‍ ഡല്‍ഹി പൊലീസിന്റെ രീതികളും എന്താണ് അവരെ ഇത്തരമൊരു കുറ്റപത്രത്തിലേക്കു നയിച്ചതെന്നതു സംബന്ധിച്ചും എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്. സുനന്ദയുടെ മരണത്തില്‍ ആര്‍ക്കെതിരെയും ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 17നു പൊലീസിന്റെ അഭിഭാഷകന്‍ തന്നെ സമ്മതിച്ചതാണ്. ആറുമാസത്തിനു ശേഷം അവരിപ്പോള്‍ പറയുന്നു ആത്മഹത്യയ്ക്കു പ്രേരണയായത് ഞാനാണെന്ന്. അവിശ്വസനീയം!’–തരൂര്‍ കുറിച്ചു.
2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അല്‍പ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.സുധീര്‍ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അല്‍പ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളില്‍ കണ്ടെത്താതിരുന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോര്‍ട്ട് കെട്ടിച്ചമയ്ക്കാന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായെന്ന് ഡോ.ഗുപ്ത പിന്നീട് ആരോപിച്ചു.
എയിംസ് ഓട്ടോപ്‌സി വിഭാഗം നടത്തിയ പരിശോധനയില്‍ കാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂര്‍ ഉള്‍പ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. അതില്‍ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കി. മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈല്‍ ഫോണില്‍ വന്ന കോളുകളും അവര്‍ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു