കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നതായി റിപ്പോര്‍ട്ടുണ്ട്. കൂച്ച് ബഹര്‍ ജില്ലയിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ ബൂത്ത് കൈയ്യേറ്റവും നടക്കുന്നുണ്ട്.
രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെതന്നെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അക്രമങ്ങള്‍ ആരംഭിച്ചു. ദക്ഷിണ 24 പര്‍ഗാനയിലാണ് സിപിഎം പ്രവര്‍ത്തകനും ഭാര്യയും കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം.
കൂച്ച് ബെഹറില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ബോംബ് സ്‌ഫോടനത്തിലേക്ക് നയിച്ചത്. ഇരുപതു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടു ചെയ്യാന്‍ വന്ന തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ മാധ്യമങ്ങളോട് പറഞ്ഞു.