കോട്ടയം: സമൂഹമാധ്യങ്ങള്‍ ഇന്നത്തെ കാലത്ത് ഏറെ ചലനമുണ്ടാക്കുന്നുണ്ടെങ്കിലും ഇത് സിനിമയുടെ വിജയത്തിന് അനിവാര്യമല്ലെന്ന് സംവിധായകന് ജയരാജ് പറഞ്ഞു. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ജയരാജ് മനസു തുറന്നത്.മികച്ച സിനിമയാണെങ്കില്‍ അത് ജനങ്ങളില്‍ എത്തുക തന്നെ ചെയ്യും. എത്ര പ്രചരണം നടത്തിയാലും മോശം സിനിമ വിജയിക്കില്ല. അടിസ്ഥാന യോഗ്യത കണക്കാക്കാതെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ളവരെ സിനിമാ മേഖലയില്‍ എത്തിക്കാനായി അക്കാദമി തുടങ്ങുമെന്നും ജയരാജ് പറഞ്ഞു.
ദേശീയ പുരസ്കാരം സമ്മാനിച്ച ഭയാനകത്തിലെ നായികയും ബന്ധുവുമായ വൈഷ്ണവിയോടൊപ്പമാണ് ജയരാജ് മുഖാമുഖത്തിനെത്തിയത്. കോട്ടയത്തിന്റെ മണ്ണില്‍ നിന്നും ലഭിച്ച ജീവിതാനുഭവങ്ങളും തിരുനക്കര അമ്പലത്തിന്റെ പടവുകളില്‍ ഇരുന്ന് സിനിമയെക്കുറിച്ച് കണ്ട സ്വപ്നങ്ങളും വിവരിച്ചാണ് കോട്ടയത്തിന്റെ സ്വന്തം സംവിധായകന് മനസു തുറന്നത്. ഓരോ സിനിമയേയും ആദ്യത്തേത് എന്ന രീതിയില്‍ സമീപിക്കാനാണ് തനിക്ക് ഇഷ്ടം. കുമരകം തന്റെ ഭാഗ്യലോക്കേഷനായി മാറിയിരിക്കുകയാണ്. ഒറ്റാലും ഭയാനകവും ഒരേ സ്ഥലത്താണ് ഷൂട്ട് ചെയ്തത്. സമൂഹമാധ്യങ്ങള്‍ ഇന്നത്തെ കാലത്ത് ഏറെ ചലനമുണ്ടാക്കുന്നുണ്ടെങ്കിലും ഇത് സിനിമയുടെ വിജയത്തിന് അനിവാര്യമല്ലെന്ന് ജയരാജ് തുറന്നടിച്ചു.
അടിസ്ഥാന വിദ്യാഭ്യാസത്തിനപ്പുറം ജീവിത വീക്ഷണമാണ് മികച്ച സിനിമകളുടെ അടിസ്ഥാനം. നിശ്ചിത യോഗ്യതയില്ലാത്ത ജീവിതാനുഭവങ്ങള്‍ ഏറെ ഉള്ളവരെ സിനിമ പഠിപ്പിക്കാന്‍ അക്കാദമി തുറക്കാന്‍ ആഗ്രഹിക്കുന്നതായും അദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ പറ്റിയുള്ള ചോദ്യത്തോട്, വിവാദങ്ങള്‍ ഉണ്ടാക്കാനില്ല എന്നായിരുന്നു ജയരാജിന്റെ പ്രതികരണം. ദേശീയ പുരസ്ക്കാരം നേടിയ തന്റെ ‘ഭയാനകം’ എന്ന ചിത്രം അടുത്തമാസം തീയറ്ററുകളിലെത്തുമെന്നും ജയരാജ് പറഞ്ഞു