അയാളെ എനിക്ക് അറിയുക പോലുമില്ല; ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തെ കുറിച്ച് നടി

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നതാണ്. വിരാട് കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും ശേഷം ഇപ്പോഴിതാ മറ്റൊരു ക്രിക്കറ്റ് -ബോളിവുഡ് പ്രണയമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയും നടി റാഷി ഖന്നയും തമ്മിലുള്ള പ്രണയം. വിരുഷ്‌ക്ക വിവാഹത്തിനുശേഷം വൈകാതെ തന്നെ ആ ചരിത്രം ആവര്‍ത്തിക്കുമെന്ന് ആരാധകര്‍ കരുതി. എന്നാലിപ്പോള്‍ ഈ പ്രണയം സംബന്ധിച്ച് ഇതുവരെ കേട്ട എല്ലാ വാര്‍ത്തകളും തെറ്റാണെന്നാണ് കഥാനായികയായ ബോളിവുഡ് നടി റാഷി ഖന്നയുടെ വാദം. മാത്രമല്ല തന്നെയും ബുംറയെയും പറ്റി വന്ന വാര്‍ത്തകളെല്ലാം അപ്പാടെ നിഷേധിക്കുകയാണ് റാഷി ഇപ്പോള്‍. ‘ബൂംറ ഒരു ക്രിക്കറ്റ് താരമാണെന്ന് എനിക്ക് അറിയാം. അതിനപ്പുറം ഒന്നുമില്ല. അയാളെ എനിക്ക് നേരില്‍ അറിയുക പോലുമില്ല. ഒരിക്കല്‍പ്പോലും തമ്മില്‍ കണ്ടിട്ടുമില്ല. ഇപ്പോള്‍ കേള്‍ക്കുന്ന പ്രണയവാര്‍ത്തകളൊന്നും സത്യമല്ല’ ഒരു ചാനല്‍ പരിപാടിയില്‍ റാഷി പറഞ്ഞു. ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെ കെട്ടുകഥകള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും ഇത് ശരിക്കും വിഷമമുള്ള കാര്യമാണന്നും റാഷി ഷോയില്‍ പറഞ്ഞു. ഇതാദ്യമായാണ് ബുംറയുമായുള്ള പ്രണയത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് റാഷി പ്രതികരിക്കുന്നത്. മദ്രാസ് കഫേയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച റാഷി ഖന്ന പിന്നീട് ചുവടുറപ്പിച്ചത് തെലുങ്കിലാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രമായ വില്ലനില്‍ ഹര്‍ഷിത ചോപ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7