തൃശൂര്‍: കെഎം മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഎസ് കത്ത് നല്‍കി. മാണിയെ മുന്നണിയിലെടുക്കുന്നതില്‍ നേരത്തെ തന്നെ വി.എസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇടതുനയത്തിന് വിരുദ്ധമായി അഴിമതിക്കാരനായ മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് ദേശീയതലത്തിലുള്ള ഇടത് ഐക്യം ദുര്‍ബലപ്പെടുത്തുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കത്ത് നല്‍കിയിട്ട് ദിവസങ്ങളായി.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് വിഎസ്. ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റമുക്തമാക്കിയ കോടതി നടപടിക്കെതിരെ മേല്‍കോടതിയെ സമീപിക്കാനും നീക്കമുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാണിയെ എടുത്താല്‍ മുന്നണിബന്ധം വിടേണ്ടിവരുമെന്ന സൂചന പരസ്യമാക്കിയിരുന്നു.
അത്തരത്തില്‍ സി.പി.ഐ ബന്ധം അവസാനിപ്പിച്ചാല്‍ അത് ദേശീയതലത്തിലുള്ള ഇടത് ഐക്യത്തിന് ദോഷം ചെയ്യുമെന്ന സൂചനയാണ് വി.എസ് കത്തിലൂടെ പ്രകടിപ്പിച്ചത്. ആലപ്പുഴ സമ്മേളനം ബഹിഷ്‌കരിച്ച് വിവാദമുണ്ടാക്കിയ വി.എസ് ഈ കത്തിലൂടെ തൃശൂര്‍ സമ്മേളനത്തിലും പുതിയൊരു വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.