അടൂർ: പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ഗർഭിണിയായിരുന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നു സ്ഥിരീകരിച്ചു. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുകയെന്നും പൊലീസ് പറഞ്ഞു. പനി ബാധിച്ച് തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്.
പെൺകുട്ടി മരിക്കുന്നതിനു മുൻപ് കൈ ഞരമ്പ് മുറിച്ചിരുന്നതായും ആന്തരിക അവയവങ്ങൾക്ക് തകരാറു സംഭവിച്ചിരുന്നതായും സൂചനയുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങൾ അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 19ന് സ്കൂളിൽ നിന്ന് ഉല്ലാസ യാത്രയ്ക്ക് പോകാൻ വേണ്ടി വീട്ടുകാർ സ്കൂളിൽ വിട്ടിരുന്ന പെൺകുട്ടി ഉല്ലാസ യാത്രയ്ക്കായി ബസ് പുറപ്പെട്ട് അൽപ്പദൂരം ചെന്നപ്പോൾ താൻ വരുന്നില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. പിന്നീട് സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാർ പെൺകുട്ടിയെ വിളിച്ചു കൊണ്ടു പോയതായും പറയുന്നു.
പിന്നീട് പനി ബാധിച്ച പെൺകുട്ടിയെ ആദ്യം അടൂരിലുള്ള ജനറൽ മെഡിസിൻ വിഭാഗം ഡോക്ടറെ കാണിച്ച ശേഷം തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്.