കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായി അഞ്ചു മണിയോടെ മരിക്കുകയായിരുന്നു. പാലാ എംഎല്‍എ ആണ്.
രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് വീണ്ടും ഗുരുതരാവസ്ഥയിലായത്. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും പാടെ കുറഞ്ഞു.
ഞായറാഴ്ചയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനകാര്യ മന്ത്രിയായും നിയസഭാ സാമാജികനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അഭിഭാഷകനും കൂടിയായ മാണി നിരവധി കൃതികളും രചിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം, എറ്റവും കൂടുതല്‍കാലം എംഎല്‍എ, കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം, ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, കൂടുതല്‍ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്തയാള്‍ തുടങ്ങിയ റെക്കോര്‍ഡുകളും മാണിയുടെ പേരിലുണ്ട്. 1964ല്‍ പാലാ മണ്ഡലം രൂപീകരിച്ച് മുതല്‍ അവിടുത്തെ എംഎല്‍എയാണ് അദ്ദേഹം. ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച വ്യക്തിയും കൂടിയാണ് മാണി.
കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതല്‍ 1964 വരെ കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നു.
ഭാര്യ:അന്നമ്മ (കുട്ടിയമ്മ), മകന്‍ ജോസ് കെ.മാണി രാജ്യസഭാ അംഗമാണ്. മറ്റുമക്കള്‍: എല്‍സ, ആനി, സല്ലി, ടെസ്സി, സ്മിത.