മുഖ്യമന്ത്രി കത്തയച്ചു; റെയില്‍വേ തീരുമാനം മാറ്റി; പരീക്ഷ മലയാളത്തിലും എഴുതാം….

പാലക്കാട്:വിവാദ ഉത്തരവ് പിന്‍വലിച്ച് ഇന്ത്യന്‍ റെയില്‍വേ. ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്‌സൈറ്റ് പരിഷ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തു മണി വരെ മലയാള ഭാഷ തിരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കു തിരുത്തുന്നതിനും സംവിധാനമൊരുക്കി. ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നത്തില്‍ എം.ബി.രാജേഷ് എംപിയാണ് ആദ്യം ഇടപെട്ടത്.
വിവാദ തീരുമാനം ശ്രദ്ധയില്‍പെട്ട ഉടനെ പരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനു കത്തയച്ചിരുന്നു. പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു മാതൃഭാഷയില്‍ പരീക്ഷയെഴുതാനുള്ള അവസരമാണു ഇപ്പോഴുണ്ടായത്. എസ്എസ്എല്‍സിയോ എന്‍സിവിടി അംഗീകാരമുള്ള ഐടിഐയോ അടിസ്ഥാന യോഗ്യതയായ പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ആരംഭിച്ചു. വിവിധ റിക്രൂട്‌മെന്റ് ബോര്‍ഡുകള്‍ വഴി 62,907 തസ്തികകളിലേക്കാണു നിയമനം.
റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ പ്രാദേശിക ഭാഷകളില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയതു മലയാള ഭാഷയോടും ജനങ്ങളോടുമുള്ള കടുത്ത അനീതിയാണ്. റെയില്‍വേ നടപടി ഒരുതരത്തിലും നീതികരിക്കാനാവില്ല. മലയാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്ന വിവാദ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ റെയില്‍വേ റിക്രൂട്‌മെന്റ് ബോര്‍ഡ് പരീക്ഷകള്‍ ഇംഗ്ലിഷ്, ഹിന്ദി, ഉറുദു ഭാഷകളിലാണു നടന്നിരുന്നത്. ഇവയ്ക്കു പുറമെ, ബന്ധപ്പെട്ട മേഖലയിലെ പ്രാദേശിക ഭാഷ കൂടി ഉള്‍പ്പെടുത്താന്‍ മമതാ ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കെ തീരുമാനിച്ചിരുന്നു. ഗ്രൂപ്പ് ഡി തസ്തികകളിലാണു തീരുമാനം ആദ്യം നടപ്പാക്കിയത്. ഇതിനുശേഷം മലയാളമുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്തുകയും ചെയ്തു. എന്നാല്‍, പുതിയ പരീക്ഷ പ്രഖ്യാപിച്ചപ്പോള്‍ മലയാളം മാത്രം പട്ടികയില്‍ ഇല്ലായിരുന്നു.
ഇംഗ്ലിഷ്, ഹിന്ദി, ഉറുദു എന്നിവയ്ക്കു പുറമെ, ഗുജറാത്തി, മറാഠി, പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ്, കൊങ്ങിണി, ഒഡിയ, അസമീസ്, മണിപ്പുരി ഭാഷകളിലെല്ലാം പരീക്ഷയെഴുതാന്‍ അവസരമുണ്ട്. ചെന്നൈ ബോര്‍ഡിനു കീഴില്‍ 2979 തസ്തികകളാണ് ഒഴിവുള്ളത്. ഇതില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഒഴിവുകളും ഉള്‍പ്പെടും. എന്നാല്‍, ചെന്നൈയില്‍ പ്രാദേശിക ഭാഷയായി ഉള്‍പ്പെടുത്തിയിരിക്കുന്നത് തമിഴും തെലുങ്കും മാത്രമായിരുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്തമാസം 12 ആണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7