തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. കള്ളുഷാപ്പുകളും ബിയര്‍വൈന്‍ പാര്‍ലറുകളും കൂടി പാതയോര പരിധി കൂടാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പന വിലക്ക് ടൂറിസത്തെ വല്ലാതെ ബാധിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ വിനോദസഞ്ചാര മേഖലയില്‍ വലിയ വരുമാനനഷ്ടമാണുണ്ടായിരിക്കുന്നതെന്നും കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
പാതയോര കള്ളുഷാപ്പുകള്‍ പൂട്ടിയതുമൂലം 3078 പേര്‍ക്കു തൊഴില്‍ നഷ്ടമായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പാതയോരത്തു മദ്യശാലകള്‍ നടത്തുന്നതിനു സുപ്രീംകോടതി പുറപ്പെടുവിച്ച നിരോധനത്തില്‍നിന്നു മുനിസിപ്പല്‍ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു കുറെ ബാറുകള്‍കൂടി തുറക്കുന്നതിനു സഹായകമായിരുന്നു.
ഇപ്പോള്‍ മുനിസിപ്പല്‍ പരിധിയിലുള്ള പാതയോരത്ത് ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കു പ്രവര്‍ത്തനാനുമതിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ ആവശ്യം അനുവദിച്ചാല്‍ പഞ്ചായത്ത് പ്രദേശങ്ങളിലുള്ള ദേശീയ സംസ്ഥാന പാതയോരത്തും കള്ളുഷാപ്പുകളും ബിയര്‍വൈന്‍ പാര്‍ലറുകളും തുറക്കാനാവും.
അടുത്ത ഘട്ടത്തില്‍ വിദേശമദ്യത്തിനുവേണ്ടിയും അനുമതി തേടാം. അങ്ങനെ സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യലഭ്യതയിലേക്കു തിരികെ കൊണ്ടുവരാനുള്ള നയമാണ് സര്‍ക്കാരിനുള്ളത്. പ്രതിശീര്‍ഷ മദ്യോപയോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്ന സംസ്ഥാനമാണു കേരളം.