ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിക്കുന്ന പാക് നടപടിക്കെതിരെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ മര്യാദയെ തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ് നടത്തുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ‘ബി.എസ്.എഫ് ഡയറക്ടര്‍ ജനറലുമായി അതിര്‍ത്തിയില്‍ ഫ്ളാഗ് മീറ്റിംങ്ങ് നടത്തിയപ്പോള്‍ ഇനി ആക്രമണം ഉണ്ടാവില്ലെന്ന പാക് സൈന്യം ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് ലംഘിച്ച് പാകിസ്താന്‍ ആക്രമം തുടരുകയാണ്. കൂടുതല്‍ പറയുന്നില്ല. ഇന്ത്യയുടെ സൗമ്യതയ്ക്കും മര്യാദയ്ക്കും പരിധിയുണ്ട്. ‘ രാജ്നാഥ് സിങ്ങ് പറഞ്ഞു.
എല്ലാ അയല്‍ക്കാരുമായും നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ തങ്ങളുടെ മര്യാദയെ തെറ്റിദ്ധരിക്കരുതെന്നും ഇന്ത്യ ദുര്‍ബല രാജ്യമല്ലെന്നും പറഞ്ഞ ആഭ്യന്തര മന്ത്രി വളരെ ശ്കതമായ രാജ്യം തന്നെയാണിതെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച്ച മാത്രം പാക് വെടിവെപ്പില്‍ എട്ട് ഗ്രാമീണരുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിരുന്നു. കഴിഞ്ഞദിവസവും രജൗരിയില്‍ പാക് ആക്രണം ഉണ്ടായിരുന്നു. എന്നാല്‍ നാശ നഷ്ടങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.