കാറില്‍ രക്തം പറ്റും… അപകടത്തില്‍പ്പെട്ട് നടുറോഡില്‍ കിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ച് യു.പി പൊലീസ്, കൃത്യസമയത്ത് ചികിത്സ കിട്ടാതെ രണ്ട് കുട്ടികള്‍ മരിച്ചു

സഹാരണ്‍പൂര്‍: അപകടത്തില്‍പ്പെട്ട് പരുക്കേറ്റ് റോഡില്‍ രക്തംവാര്‍ന്ന് കിടന്ന രണ്ട് കുട്ടികള്‍ക്ക് യു.പി പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് ദാരുണാന്ത്യം. കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് കുട്ടികള്‍ മരിച്ചത്.

പൊലീസ് പട്രോള്‍ വാഹനത്തില്‍ രക്തം പറ്റുമെന്ന് പറഞ്ഞാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അപകടത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സഹായം നിഷേധിച്ചത്.

പൊലീസുകാരോട് കുട്ടികളും അവിടെയുണ്ടായിരുന്ന ചില യുവാക്കളും സഹായമഭ്യര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ‘അവരും മറ്റാരുടേയോ കുട്ടികളാണ്.. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.’ എന്ന് അപകടം സംഭവിച്ച കുട്ടികളിലൊരാളുടെ പരിചയക്കാരന്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

‘ഇവിടെയാര്‍ക്കും കാറില്ല. അവരെ രക്ഷിക്കൂ’ എന്ന് മറ്റൊരാളും ആവശ്യപ്പെടുന്നു.

അര്‍പ്പിത് ഖുരാന, സണ്ണി എന്നീ കുട്ടികളാണ് മരണപ്പെട്ടത്. പൊലീസ് സഹായം നിഷേധിച്ചതിനെ തുടര്‍ന്ന് അതുവഴി കടന്നുപോയ ചിലരുടെ വാഹനങ്ങള്‍ക്കുനേരെ പ്രദേശവാസികള്‍ കൈകാണിച്ചെങ്കിലും അവരും കരുണ കാണിച്ചില്ല. ഈ സമയത്തെല്ലാം പൊലീസ് അവിടെ നോക്കി നില്‍ക്കുകയായിരുന്നു.

‘ നിങ്ങളുടെ കാറില്‍ രക്തമായാല്‍ കഴുകിയാല്‍ പോകും. പക്ഷേ…’ എന്ന് മറ്റൊരാള്‍ പൊലീസിനോട് പറഞ്ഞപ്പോഴും പൊലീസ് അനങ്ങാതെ നോക്കിനില്‍ക്കുകയായിരുന്നു.

‘കാറ് കഴുകാന്‍ കൊടുത്താന്‍ രാത്രി മുഴുവന്‍ ഞങ്ങള്‍ എവിടെ ഇരിക്കും’ എന്നായിരുന്നു പൊലീസുകാരിലൊരാളുടെ പ്രതികരണം.

ഏറെ സമയത്തിനുശേഷം ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരു വാഹനം വന്നാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയ ഉടന്‍ കുട്ടികളുടെ മരണം സ്ഥിരീകരിച്ചു.

അതിനിടെ, വീഡിയോയില്‍ നിന്നും ഒറ്റനോട്ടത്തില്‍ തന്നെ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് മനസിലാവുന്നുണ്ടെന്ന് സഹരണ്‍പൂര്‍ സിറ്റി പൊലീസ് ചീഫ് പ്രബല്‍ പ്രതാപ് സിങ് പറഞ്ഞു. കുറ്റക്കാരായവരെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിനുശേഷം മറ്റുനടപടികള്‍ സ്വീകരിക്കുമെന്നും സിങ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7